Quantcast

മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമായി സ്‌പെയിൻ

അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍

MediaOne Logo

Web Desk

  • Published:

    12 May 2022 9:00 AM GMT

മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമായി സ്‌പെയിൻ
X

മാഡ്രിഡ്: മിക്ക സ്ത്രീകളുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസമാണ് ആർത്തവത്തിന്റെ ആദ്യനാളുകൾ. കഠിനമായ ആർത്തവ വേദന കാരണം എഴുന്നേൽക്കാന്‍ പോലുമാകാത്തവര്‍ ഏറെയാണ്. ജോലിക്ക് പോകുന്ന സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട. സ്ത്രീകളുടെ ഈ അവസ്ഥ മനസിലാക്കി എല്ലാ മാസവും മൂന്നു ദിവസം ആർത്തവാവധി നൽകാൻ ഒരുങ്ങുകയാണ് സ്പാനിഷ് സർക്കാർ.

അടുത്തയാഴ്ച ഇതിന് സർക്കാർ അംഗീകാരം നൽകുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ഇതോടെ ആർത്താവവധി നൽകുന്ന ആദ്യത്തെ പാശ്ചാത്യരാജ്യമാകും സ്‌പെയിൻ. ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സാംബിയ തുടങ്ങി വിവിധ രാജ്യങ്ങൾ ഇതിനോടകം തന്നെ ആർത്താവവധി അനുവദിച്ചിട്ടുണ്ട്.

അടുത്ത ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പാസാക്കാനിരിക്കുന്ന പുതിയ നിയമപ്രകാരം പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ സ്‌കൂൾ അധികൃതർ ലഭ്യമാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതിന് പുറമെ ഗർഭച്ഛിദ്രം നടത്തുന്ന സ്ത്രീകൾക്ക് അവധി നൽകാനും തീരുമാനിച്ചതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർത്തവ കാലത്തെ ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രത്യുൽപാദന ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള നടപടികളുടെ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ആർത്തവവുമായി ബന്ധപ്പെട്ട നടത്തിയ പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു. നാലിൽ ഒരു സ്ത്രീക്ക് സാമ്പത്തിക കാരണങ്ങളാൽ ആർത്തവശുചിത്വത്തിനുള്ള ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസ സാമൂഹിക കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡുകൾ ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്യാൻ നിർദേശിക്കുന്നതെന്ന് അവർ പറഞ്ഞു.

ആർത്തവ കാലത്ത് കഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് പ്രത്യേക അവധി അനുവദിച്ചത്. ആർത്തവകാലത്തെ വേദനകളെ പലപ്പോഴും അവഗണിക്കുന്ന സമൂഹമാണ് നമ്മുടേത്. അവർ അനുഭവിക്കുന്നത് ചെറിയ അസ്വസ്ഥതകളല്ല, മറിച്ച് വയറിളക്കം, കടുത്ത തലവേദന,പനി തുടങ്ങി ഗുരുതരമായ അവസ്ഥകളിലൂടെയാണ് മിക്ക സ്ത്രീകളും കടന്നുപോകുന്നതെന്നും റോഡ്രിഗസ് പറഞ്ഞു.

TAGS :
Next Story