Quantcast

ഇസ്‌ലാമിനെ അപമാനിച്ചു, മതസ്പർധ പ്രചരിപ്പിച്ചു, ബുദ്ധ സന്യാസിക്ക് തടവുശിക്ഷ വിധിച്ച് ശ്രീലങ്ക

2019ൽ സമാനമായ കേസിന് സന്യാസിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രസിഡന്റ് മാപ്പ് നൽകിയതിനാൽ വെറുതെ വിടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    10 Jan 2025 10:39 AM GMT

ഇസ്‌ലാമിനെ അപമാനിച്ചു, മതസ്പർധ പ്രചരിപ്പിച്ചു,  ബുദ്ധ സന്യാസിക്ക് തടവുശിക്ഷ വിധിച്ച് ശ്രീലങ്ക
X

കൊളംബോ: ഇസ്‌ലാമിനെ അപമാനിച്ചതിനും മതസ്പർദ്ധ പ്രചരിപ്പിച്ചതിനും വിവാദ ബുദ്ധ സന്യാസിക്ക് തടവുശിക്ഷ വിധിച്ച് ശ്രീലങ്ക. രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ഗോതഭയ രാജപക്‌സെയുടെ അടുത്ത ആളായിരുന്ന ഗലഗോദത്തെ ജ്ഞാനസാരയ്ക്കാണ് ശ്രീലങ്കൻ കോടതി ഒമ്പത് മാസം തടവുശിക്ഷ വിധിച്ചത്.

ബുദ്ധസന്യാസിമാരെ വളരെ അപൂർവമായേ ശ്രീലങ്കയിൽ ശിക്ഷിക്കാറുള്ളു. പക്ഷെ ജ്ഞാനസാരയ്ക്ക് ഇത് രണ്ടാം തവണയാണ് തടവുശിക്ഷ വിധിക്കുന്നത്. 2016ൽ നടന്ന സംഭവത്തിനാണ് ബുദ്ധസന്യാസിയെ ശിക്ഷിക്കുന്നത്.

2019ൽ ഇതേ കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതിയലക്ഷ്യം, ഭീഷണിപ്പെടുത്തൽ കേസിൽ ആറ് മാസം തടവുശിക്ഷ വിധിച്ചെങ്കിലും ജ്ഞാനസാരയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകി വെറുതെ വിടുകയായിരുന്നു. ആറ് വർഷത്തെ തടവായിരുന്നു അന്ന് വിധിച്ചിരുന്നത്. കൊളംബോ മജിസ്‌ട്രേറ്റ് കോടതിയാണ് പുതിയ ശിക്ഷ വിധിച്ചിരിക്കുന്നത്.

2016ൽ ഒരു വാർത്താ സമ്മേളനത്തിൽ ജ്ഞാനസാര ഇസ്‌ലാമിനെതിരായി രൂക്ഷമായ വിദ്ധ്വേഷ പരാമർശങ്ങൾ നടത്തി. ഇതിനെ അനുബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ജ്ഞാനസാരയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിയമവ്യവസ്ഥയുടെ കീഴിൽ എല്ലാ പൗരന്മാർക്കും വിശ്വാസസ്വാതന്ത്രത്തിന് അവകാശമുണ്ടെന്ന് ശിക്ഷ വിധിച്ച് കോടതി പറഞ്ഞു. തടവ് കൂടാതെ 1,500 ശ്രീലങ്കൻ രൂപ (437 INR) പിഴയും വിധിച്ചിട്ടുണ്ട്. പിഴയടയ്ക്കാതിരുന്നാൽ ഒരു മാസം കൂടി തടവിൽ കഴിയണം.

വിധിക്കെതിരെ ജ്ഞാനസാര ജാമ്യഹരജി സമർപ്പിച്ചെങ്കിലും ശിക്ഷ വിധിക്കുന്നത് വരെ ജാമ്യമനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

2022ൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ പ്രതിഷേധത്തെത്തുടർന്ന് രാജിവെച്ച് നാടുവിട്ട പ്രസിഡന്റ് ഗോതഭയ രാജപക്‌സയുടെ വിശ്വസ്തനായിരുന്നു ജ്ഞാനസാര. രാജപക്‌സ പ്രസിഡന്റായിരിക്കെ സിംഹള ബുദ്ധ ദേശീയ ഗ്രൂപ്പിന് നേതൃത്വം നൽകിയിരുന്ന ജ്ഞാനസാരയെ മതസൗഹാർദം സംരക്ഷിക്കുന്നതിനായി രൂപീകരിച്ച നിയമ പരിഷ്‌കാര സമിതി ടാസ്‌ക് ഫോഴ്‌സ് തലവനായി നിയമിച്ചിരുന്നു.

രാജപക്‌സെ നാടുവിട്ടതിന് ശേഷം രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജ്ഞാനസാരയെ ജയിലലടച്ചിരുന്നെങ്കിലും നാല് വർഷത്തെ തടവിന് ജാമ്യം ലഭിക്കുകയായിരുന്നു.

2018ൽ കോടതിയലക്ഷ്യത്തിനും കാണാതായ രാഷ്ട്രീയ കാർട്ടൂണിസ്റ്റിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും ജ്ഞാനസാരക്കെതിരെ ആറ് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പ് നൽകിയതിനാൽ ഒമ്പത് മാസത്തിന് ശേഷം ജയിൽമോചിതനായി.

TAGS :

Next Story