ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു; സർക്കാറിനെതിരെ പ്രതിഷേധം കനക്കുന്നു
ഈ മാസം ആദ്യമായിരുന്നു പ്രസിഡന്റ് ഗോതബയ രജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടിരിക്കേ അടിയന്തരാവസ്ഥ പിൻവലിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കി. ഈ മാസം ഒന്നിനായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ നീക്കം. അതേസമയം 42 ഭരണപക്ഷ എംപിമാർ സ്വതന്ത്രനിലപാട് സ്വീകരിച്ചതോടെ രജപക്‌സെ ഭരണകൂടത്തിന് കഴിഞ്ഞദിവസം ഭൂരിപക്ഷം നഷ്ടമായിരുന്നു. കേവല ഭൂരിപക്ഷത്തിനുവേണ്ട 113 അംഗങ്ങളുടെ പിന്തുണ നിലവിൽ സർക്കാറിനില്ല. തിങ്കളാഴ്ച അധികാരമേറ്റ ധനമന്ത്രി അലി സബ്രി 24 മണിക്കൂർ തികയും മുമ്പേയാണ് രാജിവെച്ചത്. ഇതും രജപക്‌സെ സർക്കാറിന് വൻ തിരിച്ചടിയായി.
അതിനിടെ രാജ്യമെങ്ങും സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്. പാർലമെന്റിന് സമീപത്തും വിജെരമ റോഡിലുള്ള പ്രധാനമന്ത്രിയുടെ വീടിന് മുന്നിലും വൻ പ്രതിഷേധം നടന്നു. യൂണിവേഴ്‌സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വീട്ടിലേക്കുള്ള കൂറ്റൻ റാലി. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ രാജ്യത്തെ പ്രതിസന്ധിയെ പറ്റി ഇന്നും നാളെയും പാർലമെന്റിൽ ചർച്ച നടത്താൻ തീരുമാനിച്ചതായി എസ്.എൽ.പി.പി പാർട്ടി എംപി പ്രസന്ന രണതുംഗെ പറഞ്ഞു.
ഭക്ഷണം, ഇന്ധനം, മരുന്ന്, വൈദ്യുതി എന്നീ അവശ്യവസ്തുക്കളുടെയെല്ലാം കടുത്ത ദൗർലഭ്യത്തിൽ വലയുന്ന രാജ്യത്ത് പ്രശ്‌നപരിഹാരമായി ഐക്യസർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് ആഹ്വാനം ചെയ്‌തെങ്കിലും പ്രതിപക്ഷം അത് നിരസിക്കുകയായിരുന്നു.
Adjust Story Font
16