Quantcast

തെരുവു നിറച്ച് പാട്ടും നൃത്തവും; പ്രസിഡന്‍റിന്‍റെ രാജി ആഘോഷിച്ച് ശ്രീലങ്കക്കാര്‍

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മാലിദ്വീപിലേക്ക് കടന്ന രജപക്സെ ആദ്യം രാജിവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    15 July 2022 3:36 AM GMT

തെരുവു നിറച്ച് പാട്ടും നൃത്തവും; പ്രസിഡന്‍റിന്‍റെ രാജി ആഘോഷിച്ച് ശ്രീലങ്കക്കാര്‍
X

കൊളംബോ: ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രജപക്സെ രാജിവച്ചിരിക്കുകയാണ്. സിംഗപ്പൂരില്‍ നിന്നായിരുന്നു രാജിപ്രഖ്യാപനം. സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയ്ക്ക് രാജിക്കത്ത് അയച്ചതായാണ് റിപ്പോര്‍ട്ട്. ആഘോഷത്തോടെയാണ് പ്രസിഡന്‍റിന്‍റെ രാജിവാര്‍ത്തയെ ലങ്കന്‍ ജനത സ്വീകരിച്ചത്.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മാലിദ്വീപിലേക്ക് കടന്ന രജപക്സെ ആദ്യം രാജിവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. ഒടുവിൽ വ്യാഴാഴ്ച വൈകി ഇ-മെയിൽ വഴി രാജി സമർപ്പിക്കുകയായിരുന്നു. രേഖ നിയമപരമായി പരിശോധിച്ച് കഴിഞ്ഞാൽ വെള്ളിയാഴ്ച ഇത് ഔദ്യോഗികമാകുമെന്ന് സ്പീക്കറുടെ വക്താവ് പറഞ്ഞു. പ്രസിഡന്‍റിന്‍റെ രാജിവാര്‍ത്തക്ക് ശേഷം കൊളംബോയുടെ തെരുവുകള്‍ പാട്ടും നൃത്തവും കൊണ്ടു നിറഞ്ഞു. ജനങ്ങള്‍ അത്യധികം സന്തോഷത്തിലായിരുന്നു. നഗരത്തിലുടനീളം കർഫ്യൂ ലംഘിച്ച് പ്രതിഷേധക്കാർ പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രജപക്സെയെ പരിഹസിച്ച് ഗോട്ട ഗോ ഗാമ പ്രതിഷേധ സ്ഥലത്ത് നൃത്തം ചെയ്യുകയും ചെയ്തു. ചിലരാകട്ടെ മെച്ചപ്പെട്ട ഭരണം വേണമെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

രജപക്‌സെയുടെ രാജിവച്ചതിനു പിന്നാലെ പ്രതിഷേധക്കാര്‍ കഴിഞ്ഞയാഴ്ച കയ്യേറിയ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികൾ വ്യാഴാഴ്ച വൈകിട്ട് സർക്കാരിന് തിരികെ നൽകി. രാജിവാര്‍ത്തയെ മാലിദ്വീപ് പ്രസിഡന്‍റ് സ്വാഗതം ചെയ്തു. ശ്രീലങ്കയ്ക്ക് ഇനി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്‍റ് മുഹമ്മദ് നഷീദ് പറഞ്ഞു. അതേസമയം ഗോതബയ രാഷ്ട്രീയ അഭയം ചോദിച്ചിട്ടില്ലെന്ന് ഇന്നലെ സിംഗപ്പൂർ സർക്കാർ പറഞ്ഞിരുന്നു. ഗോതബയ സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് കടക്കാനും സാധ്യതയുണ്ട്. ശ്രീലങ്കയിലെ ഉന്നതതല ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് ഐ.എം.എഫ് അറിയിച്ചു.

രാജ്യത്ത് സമ്പദ്‌ വ്യവസ്ഥ തകർച്ചയിലാണെങ്കിലും, ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനെതിരെ സെൻട്രൽ ബാങ്ക് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഈ മാസം 20ന് പാർലമെന്‍റ് ചേർന്നു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണു സർവകക്ഷി യോഗത്തിന്‍റെ തീരുമാനം.

TAGS :

Next Story