Quantcast

ജീവൻ രക്ഷാമരുന്നുകളില്ല, ശസ്ത്രക്രിയകൾ മുടങ്ങുന്നു; ശ്രീലങ്കയിൽ മരണനിരക്ക് കോവിഡ്കാലത്തേക്കാൾ കൂടുമെന്ന് ഡോക്ടർമാർ

അനസ്‌തേഷ്യ മരുന്നുകൾ കിട്ടാനില്ലാത്തതിനാൽ ആശുപത്രികളിൽ പതിവ് ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-04-11 08:58:35.0

Published:

11 April 2022 8:56 AM GMT

ജീവൻ രക്ഷാമരുന്നുകളില്ല, ശസ്ത്രക്രിയകൾ മുടങ്ങുന്നു; ശ്രീലങ്കയിൽ മരണനിരക്ക് കോവിഡ്കാലത്തേക്കാൾ കൂടുമെന്ന് ഡോക്ടർമാർ
X

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ആളുകളുടെ ജീവനെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കത്തിനും ഭക്ഷ്യക്ഷാമത്തിനും ഇന്ധന ക്ഷാമത്തിനും പുറമെ മരുന്നുകൾക്കും കടുത്ത ക്ഷാമം നേരിടുകയാണ്. ജീവൻരക്ഷാമരുന്നുകൾ കിട്ടാനില്ലാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ കോവിഡ് കാലത്തേക്കാൾ മരണനിരക്ക് കൂടുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആശുപത്രികളിൽ സുപ്രധാന മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ ലഭ്യമല്ലെന്ന് ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. അനസ്‌തേഷ്യ മരുന്നുകൾ കിട്ടാനില്ലാത്തതിനാൽ കഴിഞ്ഞ മാസം അവസാനം മുതൽ ആശുപത്രികളിൽ പതിവ് ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്. അടിയന്തര ശസ്ത്രക്രിയകൾ പോലും നടത്താനുള്ള സ്ഥിതി ആശുപത്രികളില്ലെന്നും ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു.

'ആർക്ക് ചികിത്സ നൽകും, ആരെ ഒഴിവാക്കും എന്ന തീരുമാനമെടുക്കാനാകാതെ ഞങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഡോക്ടർമാർ പറയുന്നു. രാജ്യത്തെ ആരോഗ്യ രംഗത്തെ ഗുരുത സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചിരുന്നു.അടിയന്തരമായി ലഭിക്കേണ്ട മരുന്നുകളും മറ്റ് സംവിധാനങ്ങളും ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ രാജ്യത്തെ സ്ഥിതി കോവിഡ് മഹാമാരിയേക്കാൾ മോശമായിരിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരനായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധങ്ങളാണ് ശ്രീലങ്കയിൽ നടക്കുന്നത്. കൊളംബോയിൽ കടൽത്തീരത്തുള്ള പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് തുടർച്ചയായ രണ്ടാംദിവസവും കൂറ്റൻ പ്രതിഷേധമാണ് നടന്നത്. കനത്ത മഴയെയും അവഗണിച്ചുകൊണ്ട് നിരവധി പേരാണ് പ്രതിഷേധത്തിനായി എത്തിയത്.

TAGS :

Next Story