Quantcast

'ഗസ്സയ്ക്കൊപ്പം'; പ്ലക്കാർഡുമേന്തി പിന്തുണയറിയിച്ച് ഗ്രെറ്റ തുൻബർഗ്

സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചിരിക്കുന്ന ചിത്രമാണ് ഗ്രെറ്റ പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-10-20 17:00:49.0

Published:

20 Oct 2023 4:14 PM GMT

ഗസ്സയ്ക്കൊപ്പം; പ്ലക്കാർഡുമേന്തി പിന്തുണയറിയിച്ച് ഗ്രെറ്റ തുൻബർഗ്
X

ന്യൂയോർക്ക്: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ലോകം മുന്നോട്ടുവരണമെന്നാണ് ഗ്രെറ്റ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചിരിക്കുന്ന ചിത്രവും ഗ്രെറ്റ പങ്കുവെച്ചു.

‘ഇന്ന് ഫലസ്തീനും ഗസക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തൽ, ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട ജനങ്ങളുടെ നീതി, സ്വാതന്ത്ര്യം എന്നിവക്കായി ലോകം മുന്നോട്ട് വരണം,’ ഗ്രെറ്റ കുറിച്ചു. ‘ഈ ജൂത ഫലസ്തീനികൾക്കൊപ്പം നിൽക്കുന്നു,’ ‘സ്വതന്ത്ര ഫലസ്തീൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളാണ് ചിത്രത്തിലുള്ളത്. ഫലസ്തീനെ എങ്ങനെയൊക്കെ സഹായിക്കാനാകും എന്ന് മനസ്സിലാക്കാൻ വിവിധ സംഘടകളുടെയും കൂട്ടായ്മകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഗസ്സയിലേക്കുള്ള റഫാ അതിർത്തി ഈജിപ്ത് ഇതുവരെ തുറന്നിട്ടില്ല. റഫ അതിർത്തി ഇന്ന് തുറക്കുമെന്നും 20 ട്രക്കുകൾ കടത്തിവിടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ലോകം. യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് നേരിട്ട് റഫാ അതിർത്തിയിലെത്തി. ഗസ്സ ജീവിതത്തിനും മരണത്തിനും ഇടയിലാണെന്നും എത്രയും പെട്ടെന്ന് റഫാ അതിർത്തി തുറക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഗുട്ടറെസ് പറഞ്ഞു.

ഗസ്സയിൽ ഏഴ് പ്രധാന ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളും പൂട്ടി. ഗസ്സയിലെ മരണസംഖ്യ 4137 ആയി. വെസ്റ്റ്ബങ്കിലും ഇസ്രായേലിന്റെ കൂട്ടക്കൊല തുടരുകയാണ്. 81 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതിനിടെ, ഹിസ്ബുല്ല കേന്ദ്രത്തിന് നേരെ ഇന്നും ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

TAGS :

Next Story