Quantcast

2019ൽ 3.2 ശതമാനം വോട്ട്, 2024ൽ ശീലങ്കയുടെ പ്രസിഡന്റ് പദവിയിൽ; വിസ്മയമായി അനുര കുമാര ദിസ്സനായകെ

മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ 'ജനതാ വിമുക്തി പെരമുന' (ജെവിപി)യിലൂടെയാണ് ദിസ്സനായകെയുടെ രാഷ്ട്രീയ രംഗപ്രവേശം

MediaOne Logo

Web Desk

  • Published:

    23 Sep 2024 2:58 AM GMT

Story about new lankan president
X

കൊളംബോ: അനുര കുമാര ദിസ്സനായകെ എന്ന ഇടതുപക്ഷ നേതാവ് 2019ലെ ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് ലഭിച്ച വോട്ട് വെറും 3.2 ശതമാനം മാത്രമായിരുന്നു. 2024ൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് 42.3 ശതമാനം വോട്ട് നേടി ദിസ്സനായകെ പ്രസിഡന്റ് പദവിയിലേക്ക് എത്തുകയാണ്. 2022ൽ രാജ്യത്തിന്റെ സാമ്പത്തികരംഗം തകർന്നടിഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ദിസ്സനായകെയുടെ പ്രധാന ദൗത്യം രാഷ്ട്ര പുനർനിർമാണം തന്നെയാണ്.

1968 നവംബർ 24ന് ഗാലേവെലയിലാണ് ദിസ്സനായകെയുടെ ജനനം. സ്‌കൂൾ പഠനകാലം മുതൽ ഇടതുപക്ഷ സഹയാത്രികനാണ്. സോഷ്യലിസം നടപ്പാക്കാൻ രാജ്യത്ത് രണ്ട് സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ 'ജനതാ വിമുക്തി പെരമുന' (ജെവിപി)യിലൂടെയാണ് രാഷ്ട്രീയ രംഗപ്രവേശം. 1988ൽ സോഷ്യൽ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറായി. പ്രസംഗപാടവവും സവിശേഷമായ പ്രവർത്തനരീതിയും ജെവിപിയിൽ അദ്ദേഹത്തിന്റെ വളർച്ച വേഗത്തിലാക്കി. 1995ൽ പാർട്ടി സെൻട്രൽ വർക്കിങ് കമ്മിറ്റി അംഗമായി. 2001ൽ എംപിയും 2004-2005 കാലത്ത് ചന്ദ്രികാ കുമാരതുംഗെയുടെ സർക്കാരിൽ കൃഷി, ഭൂവിനിയോഗ, ജലവിതരണ വകുപ്പ് മന്ത്രിയായി. ജെവിപിയുമായുള്ള സഖ്യമായിരുന്നു അന്ന് ചന്ദ്രികയെ അധികാരത്തിലെത്തിച്ചത്. സുനാമി ദുരിതാശ്വാസ ഏകോപനത്തിനായി എൽടിടിഇയുമായി സംയുക്ത സംവിധാനം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് മന്ത്രിപദം രാജിവെച്ചു.

2019ലെ ദേശീയ കൺവെൻഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെവിപിയുടെ അമരത്തെത്തുന്നത്. പാർട്ടിയുടെ കലുഷിത രാഷ്ട്രീയ പ്രതിച്ഛായ മാറ്റിയെടുക്കാനായിരുന്നു ആദ്യ ശ്രമം. തീവ്ര സോഷ്യലിസ്റ്റ് നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ സായുധ കലാപം തെറ്റായിപ്പോയെന്ന് തുറന്നുപറഞ്ഞു. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ദിസ്സനായകെ സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ കാമ്പയിനുകൾക്ക് തുടക്കമിട്ടു.

ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലായ നാളുകളിൽ ഉയർന്നുകേട്ട പേരുകളിലൊന്നായിരുന്നു അനുര കുമാര ദിസ്സനായകെ. അന്ന് രാഷ്ട്രീയപ്പാർട്ടികളെ അടുപ്പിക്കാതെ തെരുവിലിറങ്ങിയ ചെറുപ്പക്കാർക്ക് ദിസ്സനായകെയോട് അത്ര അകൽച്ചയുണ്ടായിരുന്നില്ല. സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി വീണ്ടെടുക്കാമെന്നാണ് ദിസ്സനായകെയുടെ പ്രതീക്ഷ. അഴിമതി നിറഞ്ഞ ഭരണകൂടങ്ങളെ രക്ഷിക്കാൻ മാത്രമാണ് ഐഎംഎഫ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവരുമായി തയ്യാറാക്കിയ കരാറുകൾ പുനഃപരിശോധിക്കണമെന്നാണ് ദിസ്സനാകെ ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച നിലപാട്. അധികാരത്തിലെത്തിയാൽ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും ജീവിതച്ചെലവ് വെട്ടിക്കുറക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു.

TAGS :

Next Story