കറാച്ചിയിൽ ചാവേർ ബോംബറായത് രണ്ടു കുട്ടികളുടെ അമ്മ, എം.എ ബിരുദദാരി
ആക്രമണത്തിന്റെ ഉത്തരവാദിത്വം വിഘടനവാദികളായ ബലോചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തിട്ടുണ്ട്
ചൊവ്വാഴ്ച പാകിസ്താനിലെ കറാച്ചിയിൽ ചാവേർ ബോംബറായത് രണ്ടു കുട്ടികളുടെ അമ്മയും ഡോക്ടറുടെ ഭാര്യയും എം.എ ബിരുദദാരിയുമായ 30 കാരി. മൂന്നു ചൈനീസ് പൗരന്മാരടക്കമുള്ളവർ കൊല്ലപ്പെട്ട കറാച്ചി സർവകലാശാലയിലെ ബോംബാക്രമണത്തിന് ഇടവരുത്തിയ യുവതിയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഫ്ഗാൻ മാധ്യമപ്രവർത്തകനായ ബഷീർ അഹമദ് ഗ്വാക്കാണ് വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. ശാരി ബലോച്ചെന്ന യുവതി സുവോളജിയിൽ എം.എയും എഡുക്കേഷനിൽ എംഫിലുമുള്ള സ്‌കൂളിലെ അധ്യാപികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം വിഘടനവാദികളായ ബലോചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തിട്ടുണ്ട്. ശാരി ബലോചിന്റെ കുടുംബം പാക് സൈന്യത്തിന്റെ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും അതിനാൽ അവരുടെ തിരഞ്ഞെടുപ്പ് അപായമണി മുഴക്കുന്നതാണെന്നും ബലോച് സായുധപോരാട്ടത്തിൽ ഇത് രക്തരൂക്ഷിത അധ്യായങ്ങൾ തുറക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
രണ്ടു കൊല്ലം മുമ്പാണ് ശാരി ബലോച്ച് ബി.എൽ.എ മജീദ് ബ്രിഗേഡിൽ ചേർന്നതെന്ന് വ്യക്തമാക്കുന്ന ട്വീറ്റും അദ്ദേഹം പങ്കുവെച്ചു. ആറു മാസം മുമ്പ് ചാവേറാകാനുള്ള തീരുമാനത്തിൽ ഇവർ ഉറച്ചുനിന്നുവെന്നും വ്യക്തമാക്കി.
സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ബുർഖയണിഞ്ഞ യുവതി ചൈനീസ് പൗരന്മാരുമായെത്തിയ വാനിനരികിൽ പൊട്ടിത്തെറിക്കുന്നത് വ്യക്തമായിരുന്നു.
suicide bomber in Karachi was a mother of two, an MA graduate
Adjust Story Font
16