'സിറിയ താവളമാക്കി ഇസ്രായേലിനെ ആക്രമിക്കാൻ അനുവദിക്കില്ല'; നിലപാട് വ്യക്തമാക്കി ജുലാനി
സിറിയയില്‍ ഇസ്‌ലാമിക നിയമം നടപ്പാക്കുമെന്ന പ്രചാരണങ്ങൾ ജുലാനി തള്ളി
ദമസ്‌കസ്: സിറിയ താവളമാക്കി ഇസ്രായേലിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്നു പുതിയ ഭരണാധികാരി അബൂ മുഹമ്മദ് അൽജുലാനി. ഇസ്രായേലുമായും ഒരു രാജ്യവുമായും തങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേൽ സിറിയയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയും രാജ്യത്ത് കൈയേറിയ പ്രദേശങ്ങളിൽനിന്ന് പിന്മാറുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് മാധ്യമമായ 'ദി ടൈംസി'നു നൽകിയ അഭിമുഖത്തിലാണ് ജുലാനി നിലപാട് വ്യക്തമാക്കിയത്.
'1947ലെ ഇസ്രായേൽ-സിറിയ കരാറിലെ ധാരണകളിൽ ഞങ്ങൾ ഉറച്ചുനിൽക്കും. യുഎൻ ദൗത്യസംഘത്തെ തിരിച്ചെത്തിക്കാനുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. ഇസ്രായേലായാലും മറ്റേതു രാജ്യമായാലും ആറുമായും സംഘട്ടനം ആഗ്രഹിക്കുന്നില്ല. സിറിയയെ ആക്രമണത്തിനുള്ള താവളമാക്കാനും അനുവദിക്കില്ല.'-ജുലാനി പറഞ്ഞു.
സിറിയൻ ജനത ഒരു ഇടവേള ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ആക്രമണം നടത്തുന്നത് അവസാനിപ്പിച്ച് പഴയ കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ പിന്മാറണം. അസദ് ഭരണത്തിൽ ലോകരാജ്യങ്ങൾ ചുമത്തിയ ഉപരോധങ്ങളും നിയന്ത്രണങ്ങളും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൽഖാഇദയുമായി ബന്ധമുണ്ടായിരുന്ന ഹയ്അത്തുത്തഹ്‌രീറുശ്ശാം(എച്ച്ടിഎസ്) സിറിയയുടെ അധികാരം പിടിച്ചതിൽ ക്രിസ്ത്യാനികളും ദുറൂസികളും ഉൾപ്പെടെയുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്ന റിപ്പോർട്ടുകളോടും ജുലാനി പ്രതികരിച്ചു. ന്യൂനപക്ഷ നേതാക്കളുമായി തങ്ങൾ കൂടിക്കാഴ്ച നടത്തി ആശങ്കകൾ ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. കരങ്ങളിൽ രക്തക്കറയുള്ളവരും അസദ് ഭരണകൂടത്തിന്റെ പീഡനങ്ങളിൽ പങ്കാളികളായവരും ഒഴികെയുള്ള എല്ലാവർക്കും പൊതുമാപ്പു നൽകുമെന്നും ജുലാനി വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് നടത്തുംമുൻപ് രാജ്യത്തെ പുനർനിർമിക്കുന്നതിലും സുസ്ഥിരത കൊണ്ടുവരുന്നതിലുമാണു തന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും പുറത്താണുള്ളത്. അവരിൽ പലർക്കും കൃത്യമായ രേഖകളൊന്നുമില്ല. അയൽരാജ്യങ്ങളിൽനിന്നും യൂറോപ്പിൽനിന്നുമെല്ലാം അവരെ തിരികെ നാട്ടിലെത്തിക്കണമെന്നും ജുലാനി പറഞ്ഞു.
ഭരണമാറ്റ കാലത്തേക്കുള്ള പദ്ധതികളും സിറിയൻ ഭരണഘടനയും തയാറാക്കാൻ കമ്മിറ്റികൾ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു ദീർഘകാലമെടുക്കുമെന്നു പറഞ്ഞ അദ്ദേഹം ഇസ്‌ലാമിക നിയമം നടപ്പാക്കുമെന്ന പ്രചാരണങ്ങൾ തള്ളുകയും ചെയ്തു. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യങ്ങളിലൊന്നും ഭരണകൂടം ഇടപെടില്ലെന്നും ജുലാനി വ്യക്തമാക്കി. സ്വാഭാവിക സിറിയയായിരിക്കും വരാൻ പോകുന്നത്. അതേസമയം, ആചാരങ്ങളെ കൂടി കണക്കിലെടുത്താകും മുന്നോട്ടുപോകുകയെന്നും അബൂ മുഹമ്മദ് അൽജുലാനി കൂട്ടിച്ചേർത്തു.
Summary: 'Syria won’t be used as launchpad for attacks on Israel': Says Syria’s new leader Abu Mohammed al-Jolani
Adjust Story Font
16