Quantcast

'ചായകുടി കുറയ്ക്കണം''; സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളോട് പാക് ഭരണകൂടം

ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ

MediaOne Logo

Web Desk

  • Published:

    15 Jun 2022 10:25 AM GMT

ചായകുടി കുറയ്ക്കണം; സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളോട് പാക് ഭരണകൂടം
X

ഇസ്‌ലാമാബാദ്: ചായയില്ലാത്തൊരു പ്രഭാതത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ചായകുടി ശീലമായ മലയാളികൾക്ക് അത് അൽപം പ്രയാസം തന്നെയാകും. ഇന്ത്യക്കാരെപ്പോലെത്തന്നെ 'ചായാസക്തി'യുള്ളവരാണ് അയൽക്കാരായ പാകിസ്താനികളും. എന്നാൽ, പാകിസ്താനികളോട് ചായകുറി കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് ഭരണകൂടം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരമായാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

പാകിസ്താന്റെ വിദേശ നാണയശേഖരം കാലിയായിക്കൊണ്ടിരിക്കുകയാണ്. അടിയന്തരാവശ്യമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യാൻ മാത്രമേ നിലവിലെ ശേഖരം തികയൂ. രണ്ടു മാസം മുഴുവൻ ഇറക്കുമതിയും നടത്തിയാൽ ശേഖരം വട്ടപ്പൂജ്യമാകുമെന്നാണ് ഭയക്കുന്നത്. ഇതിനിടയിലാണ് പാക് ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാൽ പ്രതിസന്ധി നിയന്ത്രിക്കാൻ കൗതുകകരമായ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ വർഷം മാത്രം 600 മില്യൻ ഡോളറിന്റെ(ഏകദേശം 4,680 കോടി രൂപ) ചായപ്പൊടിയാണ് രാജ്യം ഇറക്കുമതി ചെയ്തതെന്നാണ് കണക്ക്. ഈയൊരു സാഹചര്യത്തിലാണ് ചായകുടി കുറച്ച് അത്തരമൊരു ചെലവ് കുറയ്ക്കാമെന്ന നിർദേശം ഉയർന്നിരിക്കുന്നത്. ചായകുടി ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാൻ രാജ്യത്തോട് അഭ്യർത്ഥിക്കുകയാണെന്നാണ് മന്ത്രി അഹ്‌സൻ ഇഖ്ബാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. നിലവിൽ കടമെടുത്താണ് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്ഥാനനഷ്ടത്തിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി ഷഹബാസ് ശരീഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ 16 ബില്യൻ ഡോളറായിരുന്നു പാകിസ്താന്റെ വിദേശ നാണയശേഖരം. ഈ മാസം ആദ്യത്തിൽ അത് 10 ബില്യൻ ഡോളറായി കുറഞ്ഞിരിക്കുകയാണ്. ഏപ്രിലിൽ ഭരണത്തിലേറിയ പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിരവധി ആഡംബര വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിച്ച് ഭരണകൂടം ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

Summary: People in Pakistan have been asked to reduce the amount of tea they drink to keep the country's economy under control

TAGS :
Next Story