Quantcast

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ച പെണ്‍കുട്ടിയെ പിതാവ് കോടതി പരിസരത്ത് വച്ച് വെടിവച്ചു കൊന്നു

സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ഇമ്രാൻ സമാൻ (40), വാജിദ് കലീം(20) എന്നിവര്‍ക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    24 Jan 2023 2:45 AM GMT

honour killing
X

പ്രതീകാത്മക ചിത്രം

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഒളിച്ചോടി വിവാഹം കഴിച്ച പെണ്‍കുട്ടിയെ(19) പിതാവ് കോടതി പരിസരത്ത് വച്ച് വെടിവച്ചു കൊന്നു. തിങ്കളാഴ്ച കറാച്ചി സിറ്റി കോടതിയുടെ കവാടത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്ന് സിറ്റി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ഷബീർ അഹമ്മദ് സെത്താർ പറഞ്ഞു.

സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ഇമ്രാൻ സമാൻ (40), വാജിദ് കലീം(20) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും പെൺകുട്ടിയുടെ മൃതദേഹത്തോടൊപ്പം കറാച്ചിയിലെ ഡോ. റൂത്ത് ഫാവു സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി എസ്എസ്പി ഡോൺ ഡോട്ട് കോമിനോട് പറഞ്ഞു. പ്രതി അമീർ ജാൻ മെഹ്‌സൂദിനെ (65) അറസ്റ്റ് ചെയ്തതായും ഇയാളിൽ നിന്ന് ആയുധം കണ്ടെടുത്തതായും എസ്എസ്പി സെത്താർ പറഞ്ഞു. സമാന്‍ അപകടനില തരണം ചെയ്തതായി പിരാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുഖ്തിയാർ അഹമ്മദ് പൻവാർ അറിയിച്ചു. സംഭവം നടന്നപ്പോൾ ക്രിമിനൽ നടപടിച്ചട്ടം (കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തൽ) സെക്ഷൻ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ പെൺകുട്ടിയെ കോടതിയിൽ കൊണ്ടുവന്നത് സമാൻ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർ ആയിരുന്നുവെന്ന് പൻവാർ പറഞ്ഞു.കോടതി കവാടത്തിൽ വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥനെ അനാസ്ഥ ആരോപിച്ച് സസ്പെൻഡ് ചെയ്തതായി എസ്.എച്ച്.ഒ കൂട്ടിച്ചേർത്തു.

''പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. സിറ്റി കോടതിയുടെ ഗേറ്റ് 4-ൽ എത്തിയപ്പോൾ പ്രതി അവള്‍ക്കു നേരെ വെടിയുതിര്‍ത്തു. സംഭവസമയത്ത് ഇയാള്‍ തനിച്ചായിരുന്നുവെന്നും'' സെതാർ വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടി വീട്ടുകാരുടെ സമ്മതമില്ലാതെ ഡോക്ടറായ ഒരാളെ വിവാഹം കഴിക്കുകയായിരുന്നു. 10 ദിവസം മുന്‍പാണ് പെണ്‍കുട്ടി വീടു വിട്ടുപോയത്. ഇതിനു പിന്നാലെ പിതാവ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഒറംഗിലെ പിരാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. ഒറംഗി നഗരത്തില്‍ വച്ചാണ് പെൺകുട്ടിയുടെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും താന്‍ വിവാഹിതയായെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഭർത്താവ് അനീസ് റഹ്മാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





TAGS :

Next Story