കോവിഡിനെതിരെയുള്ള മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമെന്ന് അമേരിക്കൻ കമ്പനി
അനുമതി ലഭിച്ചാല്‍ കോവിഡിനെതിരെയുള്ള ആദ്യ ഓറൽ ആന്‍റിവൈറൽ മരുന്നാകും മൊൽനുപൈറവീർ
കോവിഡ് ചികിത്സയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന് അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മെർക്ക്. തങ്ങൾ വികസിപ്പിച്ച 'മൊൽനുപൈറവീർ' എന്ന മരുന്ന് കോവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കാനും ആശുപത്രിവാസത്തിൻ്റെ ദൈർഘ്യം കുറയ്ക്കാനും സഹായിക്കുമെന്നും കമ്പനി പറയുന്നു. ഗുളിക രൂപത്തിലുള്ള മരുന്നിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി രണ്ടാഴ്ചയ്ക്കകം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അപേക്ഷ നൽകുമെന്നും മെർക്ക് കമ്പനി അറിയിച്ചു.
775 പേരിലാണ് മരുന്നിന്‍റെ പരീക്ഷണം നടത്തിയത്. ഇവരിൽ 7.3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടിവന്നത്. മരുന്ന് കഴിച്ചവരാരും മരിച്ചില്ല. മൊൽനുപൈറവീർ വൈറസിന്‍റെ ജനിതകഘടനയെ തകരാറിലാക്കുകയും അതുവഴി രോഗം വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നതെന്നും മെർക്ക് വ്യക്തമാക്കുന്നു.
ഇതുവരെയുള്ള മരുന്നുകൾ കോവിഡ് വൈറസിന്‍റെ പ്രോട്ടീനെ ആക്രമിക്കുന്നതായിരുന്നെങ്കിൽ മൊൽനുപൈറവീർ ലക്ഷ്യം വയ്ക്കുന്നത് വൈറസിലെ എൻസൈമിനെയാണ്. പകർപ്പുകൾ സൃഷ്ടിക്കാൻ വൈറസ് ഉപയോഗിക്കുന്ന എൻസൈമിനെ നശിപ്പിക്കുക വഴി ശരീരത്തിൽ രോഗം വ്യാപിക്കുന്നത് ഫലപ്രദമായി തടയാനാകുമെന്നും മെർക്ക് അവകാശപ്പെടുന്നു.
അനുമതി ലഭിച്ചാല്‍ കോവിഡിനെതിരെയുള്ള ആദ്യ ഓറൽ ആന്‍റിവൈറൽ മരുന്നാകും മൊൽനുപൈറവീർ.
Adjust Story Font
16