ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് ഹൂതികൾ
ഹുദൈദ തുറമുഖത്തിനു നേരെ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ കടുത്ത പ്രത്യാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ദുബൈ: ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികൾ. ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്. ശനിയാഴ്ച ഇസ്രായൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്.
ഇന്നലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. അതേസമയം, ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. അതിനിടെ, വെടിനിർത്തൽ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംഘത്തെ ദോഹയിലേക്ക് അയക്കാൻ ധാരണയായി.
കടുത്ത നിലപാടിൽ നിന്ന് പിൻവാങ്ങിയ നെതന്യാഹുവിന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ് നന്ദി പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകൾക്കായി നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു. വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാതെ യു.എസിലേക്ക് തിരിക്കുന്ന നെതന്യാഹുവിനെതിരെ തെൽ അവീവ് വിമാനത്താവളത്തിനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ലബനാൻ സൈനികർക്കും പരിക്കേറ്റു.
Adjust Story Font
16