Quantcast

പരിഹാരം കടലാസിലൊതുങ്ങിയ ഇസ്രായേൽ- ഫലസ്തീൻ യുദ്ധം; നെതന്യാഹുവിനെ തളയ്ക്കാൻ ഇനിയെന്ത്?

ലോകരാജ്യങ്ങളും ലോകനേതാക്കളും യുഎൻ അടക്കമുള്ള ഏജൻസികളും അന്താരാഷ്ട്ര നീതിന്യായ കോടതിയുമടക്കം തള്ളിപ്പറഞ്ഞിട്ടും നിർത്താൻ പറഞ്ഞിട്ടും ഇസ്രായേൽ അവരുടെ ചോരക്കൊതി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്താണ് ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിൻ്റെ പരിഹാരമെന്നടക്കം പരിശോധിക്കേണ്ടതുണ്ട്

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2024-10-07 04:56:55.0

Published:

7 Oct 2024 4:46 AM GMT

പരിഹാരം കടലാസിലൊതുങ്ങിയ ഇസ്രായേൽ- ഫലസ്തീൻ യുദ്ധം; നെതന്യാഹുവിനെ തളയ്ക്കാൻ ഇനിയെന്ത്?
X

ശാബ്ദങ്ങളായി ഫലസ്തീന് മേൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾക്കും അധിനിവേശ ക്രൂരതകൾക്കും പ്രതികരണമെന്നോണമായിരുന്നു 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണം. എന്നാൽ അതിനു ശേഷം യുദ്ധനിയമങ്ങളും മനുഷ്യാവകാശങ്ങളുമെല്ലാം കാറ്റിൽപറത്തി ഇസ്രായേൽ ആരംഭിച്ച ഭീകരമായ ആക്രമണവും വംശഹത്യയും കണ്ണില്ലാത്ത ക്രൂരതകളും ഒരാണ്ട് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും തുടരുകയാണ് ​ഗസ്സയടക്കമുള്ള ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ കര- വ്യോമാക്രമണങ്ങൾ. ​ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42,000ത്തോട് അടുത്തിരിക്കുന്നു. ഇതിൽ 16,800 കുട്ടികളും 11,400 സ്ത്രീകളും 1,000ലേറെ ആരോ​ഗ്യപ്രവർത്തകരും 174 മാധ്യമപ്രവർത്തകരും 220 യുഎൻ പ്രവർത്തകരും ഉൾപ്പെടുന്നു.

വീടുകളും മറ്റ് താമസ കെട്ടിടങ്ങളും സ്കൂളുകളുമുൾപ്പെടെ ആളുകൾ കൂട്ടത്തോടെ കഴിയുന്ന സകലയിടങ്ങളിലും കൂട്ടക്കുരുതി നടത്തിയ ഇസ്രായേൽ സൈന്യം, ആളുകൾ പരിക്കേറ്റ് പ്രാണരക്ഷാർഥം അഭയം തേടുന്ന ആശുപത്രികളേയും വെറുതെവിട്ടില്ല. ​അൽ ഷിഫയടക്കമുള്ള ​ഗസ്സയിലെ എല്ലാ ആശുപത്രികളും യുഎൻ ഏജൻസികളുൾപ്പെടെ നടത്തുന്ന സ്കൂളുകളും കെട്ടിടങ്ങളും വീടുകളും ആരാധനാലയങ്ങളുമെല്ലാം ഇസ്രായേൽ തവിടുപൊടിയാക്കി. പിഞ്ചോമനകളടക്കം ആയിരക്കണക്കിനു പേരെ കൊലപ്പെടുത്തി. ലോകരാജ്യങ്ങളും ലോകനേതാക്കളും യുഎൻ അടക്കമുള്ള ഏജൻസികളും അന്താരാഷ്ട്ര നീതിന്യായ കോടതിയുമടക്കം തള്ളിപ്പറഞ്ഞിട്ടും നിർത്താൻ പറഞ്ഞിട്ടും ഇസ്രായേൽ അവരുടെ ചോരക്കൊതി അവസാനിപ്പിച്ചിട്ടില്ല. ​ഫലസ്തീനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നതെങ്കിൽ അധിനിവേശസൈന്യത്തെയും അവരുടെ കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടാണ് ഹമാസിന്റെ തിരിച്ചടികൾ. അവർ ഇസ്രായേലിലെ സാധാരണക്കാരെ ലക്ഷ്യമിടുന്നില്ല. അതിനാൽതന്നെ അതൊരു വലിയ തിരിച്ചടിയായി കാണാതെ ​ഗസ്സയെ കാർന്നുതിന്നുകയാണ് ഇസ്രായേൽ. നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ ക്രൂരതയുടെ വിരാമം ചോദ്യചിഹ്നമായി തുടരുമ്പോൾ എന്താണ് ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിന്റെ പരിഹാരം എന്നടക്കം പരിശോധിക്കേണ്ടതുണ്ട്.

ദ്വിരാഷ്ട്ര ഫോർമുലയും ഇസ്രായേൽ നിലപാടും

ഇസ്രായേൽ- ഫലസ്തീൻ സം​ഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ നിർദേശിക്കപ്പെട്ട ഏറ്റവും സുപ്രധാന പരിഹാരമാണ് ദ്വിരാഷ്ട്ര ഫോർമുല. 1993 സെപ്റ്റംബര്‍ 13ലെ ഓസ്‌ലോ കരാറിൽ ഈ പരിഹാരം നിർദേശിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും ​ഫലസ്തീനിൽ ഇപ്പോഴും വംശഹത്യ തുടരുകയാണ് ഇസ്രായേൽ. ദ്വിരാഷ്ട്ര ഫോർമുലയുടെ കടയ്ക്കൽ കത്തിവച്ച് ഇസ്രായേൽ ആക്രമണം തുടരുമ്പോൾ സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യം ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് വീണ്ടും ഉയരുകയാണ്. പ്രത്യേക ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് പിഎല്‍ഒയും ഇസ്രായേലും തമ്മില്‍ ഒപ്പുവച്ചതാണ് ഓസ്‌ലോ ഉടമ്പടി. എന്നാൽ, ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് എന്നും വിഘാതമായി നിൽക്കുന്ന ഇസ്രായേല്‍ തന്നെയാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന നിര്‍ദേശത്തിനും പൂട്ടിട്ടത്. അന്ന് സമ്മതം മൂളിയിരുന്നെങ്കിലും ഫലസ്തീനെ സ്വതന്ത്രമാക്കുന്ന ദ്വിരാഷ്ട്ര പരിഹാരം യഥാർഥത്തിൽ ഇസ്രായേലിന് ഒരിക്കലും സ്വീകാര്യമായിരുന്നില്ല.

മൂന്നു പതിറ്റാണ്ട് മുമ്പ് നിലവില്‍ വന്ന ഓസ്‌ലോ ഉടമ്പടിക്ക് താന്‍ തുരങ്കം വയ്ക്കുകയാണെന്ന പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രം​ഗത്തുവന്നത് 2023 ഡിസംബറിലാണ്. ഓസ്‌ലോ കരാര്‍ നിലവില്‍ വരാതിരിക്കാന്‍ അന്ന് താന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും ഇന്നും താന്‍ കരാറിനെതിരാണെന്നും ആ ഉടമ്പടി ഇസ്രയേലിനെ സംബന്ധിച്ച് ഒരു വലിയ തെറ്റാണെന്നും നെതന്യാഹു വ്യക്തമാക്കി. ഉടമ്പടി നടപ്പാക്കാന്‍ ഇസ്രായേല്‍ സമ്മതിക്കുന്നില്ലെന്ന് ഫലസ്തീന്‍ നിരന്തരം ആരോപിക്കുന്നതിനിടെയാണ്, അതിനെതിരെ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നെതന്യാഹു തുറന്നുപറഞ്ഞത്. ഫലസ്തീൻ രാഷ്ട്ര രൂപീകരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്രായേൽ അംബാസിഡറും നിലപാട് അറിയിച്ചിരുന്നു.

ഫലസ്തീനുമേല്‍ പരമാധികാരമുള്ള വിശാല ഇസ്രായേല്‍ രാഷ്ട്രം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. കാരണം, ഭൂമിശാസ്ത്രപരമായി നിലവിലുള്ള അവസ്ഥകളെ റദ്ദ് ചെയ്യുന്ന ഒരു നടപടിക്കും ഇസ്രായേല്‍ തയാറല്ല. 1967ലെ അറബ് യുദ്ധത്തില്‍ കൈയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറി, അവർക്കും ഫലസ്തീനും ഭൂമിശാസ്ത്രപ്രരമായ അതിരുകള്‍ നിര്‍ണയിച്ച് ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. ഫലസ്തീൻ ജനതയ്ക്ക് സ്വയം നിർണയ അവകാശമുണ്ടെന്ന ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ഉടമ്പടി രൂപപ്പെട്ടത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസഹാഖ് റബിനും പിഎല്‍ഒ നേതാവ്‌ യാസര്‍ അറഫാത്തുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. 1995ല്‍ കരാറിലെ വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും രണ്ടാം ഓസ്‌ലോ കരാറില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കുകയും ചെയ്തു.

എന്നാൽ, ഉടമ്പടി പ്രാബല്യത്തില്‍ വന്നാല്‍ അധിനിവേശ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റങ്ങളില്‍നിന്ന് ഒഴിയേണ്ടിവരുമെന്ന് ഇസ്രായേല്‍ ഭയന്നു. അതോടെ, വെസ്റ്റ് ബാങ്കിലും ​ഗസ്സയിലും ഇസ്രായേല്‍ നിരന്തരം സൈനിക നീക്കങ്ങള്‍ നടത്തുകയും കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 30 വര്‍ഷം മുമ്പ് രണ്ടര ലക്ഷം മാത്രമായിരുന്നു കുടിയേറ്റക്കാരെങ്കില്‍ ഇന്നത് ഏഴ് ലക്ഷത്തിലേറെയായി വര്‍ധിച്ചിരിക്കുന്നു. രാഷ്ടീയപരമായും നിരന്തര ആക്രമണങ്ങളിലൂടെയും ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്നും തുരത്തുന്നത് തുടര്‍ക്കഥയാവുകയാണ്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും ഉചിതമായ ബദലാണ് ദ്വിരാഷ്ട്ര പരിഹാരമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നതെങ്കിലും അത് സാധ്യമാകുന്നതിനു വ്യാപകമായ സംവാദങ്ങളും ചർച്ചകളും വിട്ടുവീഴ്ചകളും ആവശ്യമാണ്.

ലോക രാജ്യങ്ങളു​ടെ നിലപാടുകളും പ്രതികരണവും

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ഫലസ്തീനെ പിന്തുണച്ചും ദ്വിരാഷ്ട്ര ഫോർമുലയാണ് പ്രശ്നങ്ങൾക്കു പരിഹാരമെന്ന് വ്യക്തമാക്കിയും വിവിധ രാജ്യങ്ങൾ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ഏ​ക പ​രി​ഹാ​രം ദ്വി​രാ​ഷ്​​ട്ര ഫോ​ർ​മു​ല​യാ​ണെ​ന്ന്​ ഫെബ്രുവരിയിൽ ഫ​ല​സ്​​തീ​ൻ സം​ഘ​ടി​പ്പി​ച്ച അ​റ​ബ്, ഇ​സ്​​ലാ​മി​ക്​ മ​ന്ത്രി​ത​ലസ​മി​തി യോ​ഗ​ത്തി​ൽ ബഹ്റൈൻ മന്ത്രി വ്യ​ക്ത​മാ​ക്കിയിരുന്നു. ഫ​ല​സ്​​തീ​ൻ, ഇ​സ്രാ​യേ​ൽ ദ്വി​രാ​ഷ്​​ട്ര പ​ദ്ധ​തി​യി​ലൂ​ടെ മേ​ഖ​ല​യി​ൽ സു​സ്ഥി​ര സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ൻ ക​ഴി​യും. അ​ത​ല്ലാ​ത്ത പ​രി​ഹാ​ര​ങ്ങ​ൾ സ്വീ​കാ​ര്യ​മാ​വു​ക​യോ സ​മാ​ധാ​ന​ത്തി​ന്​ കാ​ര​ണ​മാ​വു​ക​യോ ചെ​യ്യില്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

2017ൽ, രണ്ടു ദശകങ്ങളായി നിരുപാധികം പിന്തുണച്ചിരുന്ന ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയില്‍നിന്ന് പിന്മാറാനുള്ള യു.എസിന്റെ സമീപനത്തില്‍ ആശങ്കയറിയിച്ച് ഫലസ്തീന്‍ രം​ഗത്തെത്തിയിരുന്നു. ഫലസ്തീന് സ്വതന്ത്രരാഷ്ട്രമെന്ന വാദം അംഗീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ അന്ന് ആവര്‍ത്തിച്ചു. ദ്വിരാഷ്ട്ര ഫോര്‍മുല ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും നിലപാട് അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ദ്വിരാഷ്ട്ര ഫോര്‍മുലയല്ലാതെ മറ്റൊരു വഴി മുന്നിലില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.


വിഷയത്തിൽ ഫലസ്തീനെയും ദ്വിരാഷ്ട്ര ഫോർമുലയേയും മുൻ ജർമൻ ചാൻസലർ ആൻജല മെർക്കലും പിന്തുണച്ചിരുന്നു. 2021ൽ ഇസ്രായേൽ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മെര്‍ക്കല്‍ ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകണമെന്ന പ്രസ്താവന നടത്തിയത്. ഈ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന ആശയം അടഞ്ഞ അധ്യായമല്ലെന്നും ഫലസ്തീന്‍ പൗരന്മാര്‍ക്ക് അവരുടേതായ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

ഫലസ്തീൻ- ഇസ്രായേൽ പ്രശ്നത്തിന് ശാശ്വതപരിഹാരമായ ദ്വിരാഷ്ട്ര ഫോർമുല യാഥാർഥ്യമാക്കാൻ കൂടുതൽ വിശാലവും ആധികാരികവുമായ അന്താരാഷ്ട്ര സമാധാനസമ്മേളനം വിളിച്ചുചേർക്കണമെന്നും ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്വം വേണമെന്നും അതിന് തടസം നിൽക്കുന്നത് ചില രക്ഷാസമിതി അംഗങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ഇക്കഴിഞ്ഞ യു.എൻ ജനറൽ അസംബ്ലിയുടെ രണ്ടാം ദിവസം ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. സിവിലിയന്മാരെ സംരക്ഷിക്കാനും മേഖലയിൽ യുദ്ധം വ്യാപിപ്പിക്കുന്നത് തടയാനും നയതന്ത്ര തലത്തിൽ പരിഹാരം കാണണമെന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി. 1967ലെ അതിര്‍ത്തികള്‍ കണക്കാക്കി സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിക്കേണ്ടതുണ്ടെന്ന് സൗദിയും വ്യക്തമാക്കിയിരുന്നു. ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേൽ ബന്ധമില്ല എന്ന് യുഎസിനോട് സൗദി ആവർത്തിക്കുകയും ചെയ്തിരുന്നു.

യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ ലോകരാജ്യങ്ങൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനം അറിയിച്ചത്. യുഎസ് മാത്രമാണ് ഇസ്രായേലിന് പിന്തുണച്ച് രംഗത്തെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തായിരുന്നു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രസംഗം. 70 വർഷം മുമ്പ് കൊലയാളിയായ ഹിറ്റ്‌ലറെ മാനവികതയുടെ സഖ്യം തടഞ്ഞതുപോലെ നെതന്യാഹുവിനെയും അയാളുടെ കൊലപാതക സംഘത്തെയും തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഉർദുഗാൻ ആവശ്യപ്പെടുകയും ചെയ്തു.


ഗസ്സയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ഏറ്റവും പ്രാകൃതവും ഹീനവുമായി മാറിയിരിക്കുകയാണെന്നും ഇതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനുഷിക മൂല്യങ്ങളും തകർത്തെറിയുന്ന വംശഹത്യയാണ് അധിനിവേശ രാജ്യം ഗസ്സയിൽ നടത്തുന്നതെന്നും ഖത്തർ പറഞ്ഞപ്പോൾ, ഗസ്സ മരിക്കുമ്പോൾ മനുഷ്യത്വമാണ് മരിക്കുന്നതെന്നായിരുന്നു കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ തുറന്നടിച്ചത്. ഗസ്സയിലുടനീളം ബോംബ് വർഷിക്കുന്ന ക്രിമിനലാണ് ബെഞ്ചമിൻ നെതന്യാഹുവെന്നും പെട്രോ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേൽ ​ഗസ്സയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ ഈജിപ്ത്, ഇറാൻ, ജോർദാൻ അടക്കമുള്ള രാജ്യങ്ങളും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

അന്നുമിന്നും ​ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ ന്യായീകരിക്കുകയും അതിന് ആയുധ- സൈനിക സഹായങ്ങൾ തുടരുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ഒരുവശത്ത് വെടിനിർത്തലിനായി ശ്രമം നടത്തുകയും മറുവശത്ത് ​ഗസ്സാ വംശഹത്യക്ക് ഇസ്രായേലിന് പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന സമീപനമാണ് യുഎസിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാവുന്നത്. സ്വയം പ്രതിരോധത്തിനായി തങ്ങൾക്കെതിരായ ഭീഷണി പൂർണമായി ഇല്ലാതാക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നായിരുന്നു ഏറ്റവുമൊടുവിൽ യുഎൻ പൊതുസഭയിൽ യുഎസ് പ്രസിഡന്റ് ബൈഡന്റെ വാദം. ഇസ്രായേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു.

യുഎൻ അടക്കം അന്താരാഷ്ട്ര വേദികളുടെ ഇടപെടലുകളും നെതന്യാഹുവിന്റെ ദാർഷ്ട്യവും

ഇസ്രായേൽ ​ഗസ്സയിൽ നടത്തുന്ന വംശഹത്യയെ തുടക്കം മുതൽ യുണൈറ്റഡ് നേഷൻസ് എതിർക്കുകയും ക്രൂരത അവസാനിപ്പിക്കാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും നെതന്യാഹു ചെവിക്കൊണ്ടിട്ടില്ല. ഒക്‌ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽ നിന്നല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 56 വർഷമായി ഫലസ്തീൻ ജനത തങ്ങളുടെ ഭൂമിയുടെ അധിനിവേശം മൂലം കഷ്ടപ്പെടുകയാണെന്നോർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രായേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചു. ​ഗസ്സയിൽ നടക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത് ഏറെ ആശങ്കാജനകമാണ്. സായുധ പോരാട്ടത്തിൽ ആരും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ലെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു.

കുട്ടികള്‍ക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഐക്യരാഷ്ട്ര സംഘടന ഇസ്രായേലിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഗസ്സയിൽ ഇസ്രായേല്‍ ആക്രമണം എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ഇത്. യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വെര്‍ജീനിയ ഗാംബയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതമുണ്ടാകും എന്നുമായിരുന്നു ഇതിനോട് നെതന്യാഹുവിന്റെ പ്രതികരണം. കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് നേരത്തേ തന്നെ യുഎന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിർദേശം അംഗീകരിക്കാന്‍ തയാറാവാതെ സ്കൂളുകൾക്ക് നേരെ ആക്രമണം നടത്തി നിരവധി കുട്ടികളെയാണ് സയണിസ്റ്റ് രാജ്യം കൊന്നൊടുക്കിയത്.


ഇതിനിടെ, ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഭരണകൂടത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത് നെതന്യാഹുവിന് തിരിച്ചടിയായി. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും പ്രതിരോധമന്ത്രി യോവ് ഗാലന്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്കും എതിരെ കോടതി മെയ് 20ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തിൽ ഗുരുതരമായി പരിക്കേൽപ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂർവമായ കൊലപാതകം, സിവിലിയൻ ജനതയ്‌ക്കെതിരായ ആക്രമണം, പട്ടിണി മരണം എന്നീ കുറ്റങ്ങളാണ് ഐസിസി ഇസ്രായേലിനെതിരെ ചുമത്തിയത്.

​അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിന്മാറണമെന്നും കഴിഞ്ഞ ജൂലൈ 19ന് കോടതി വിധിച്ചു. ഇസ്രായേൽ നടപടി, നാലാമത് ജനീവ കൺവെൻഷൻ അംഗീകരിച്ച 49ാമത് വകുപ്പിന്റെ ലംഘനമാണ്. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലേമിലെയും ഇസ്രായേൽ കുടിയേറ്റങ്ങളും അവയുമായി ബന്ധപ്പെട്ട ഭരണകൂടവും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഫലസ്തീൻ പ്രദേശങ്ങളുടെ വലിയ ഭാഗങ്ങൾ പിടിച്ചടക്കുന്നതിനായിരുന്നു ഇസ്രായേലിന്റെ നയങ്ങളും നടപടികളുമെന്നും 15 ജഡ്ജിമാരുടെ പാനൽ വിലയിരുത്തിയതും ശ്രദ്ധേയമാണ്.

അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വിവേചനം കാണിക്കുന്നതായും കോടതി കണ്ടെത്തി. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ് 2022ൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഗസ്സ​യിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയും ഐസിസിയിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ അറസ്റ്റ് വാറന്റ് കൊണ്ടും നിലപാട് മാറ്റാൻ നെതന്യാഹു തയാറായില്ല. എല്ലാ വിമർശനങ്ങളും പ്രതിഷേധങ്ങളും എതിർപ്പുകളും വിലക്കുകളും മുന്നറിയിപ്പുകളുമെല്ലാം ലംഘിച്ച് ​ഗസ്സയുടെ പൂർണ നാശം ലക്ഷ്യമിട്ട് വംശീയ ആക്രമണങ്ങൾ തുടരുമ്പോൾ അതിന് അറുതി വരുത്താൻ എന്ത് ഇടപെടലാണ് വേണ്ടതെന്നതും എന്തുണ്ടാവും എന്നതും ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

TAGS :

Next Story