‘യഹ്‍യ സിൻവാറിന്റെ വധം വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കി’; മുന്നറിയിപ്പുമായി മധ്യസ്ഥർ
ഇസ്രായേലിന്റെ മധ്യസ്ഥ സംഘത്തിലുള്ള മുതിർന്ന അംഗം രാജിവെച്ചു
ഹമാസ് തലവൻ യഹ്‍യ സിൻവാറിനെ കൊലപ്പെടുത്തിയത് ഗസ്സയിലെ വെടിനിർത്തൽ-ബന്ദിമോചന ചർച്ചകൾ സങ്കീർണമാക്കിയതായി ഖത്തർ, ഈജിപ്ത് മധ്യസ്ഥർ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും അറബ് നയതന്ത്രജ്ഞനെയും ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യഹ്‍യ സിൻവാറിന്റെ മരണം ബന്ദിമോചന ചർച്ചയിൽ വലിയൊരു വഴിത്തിരിവാകുമെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഹമാസ് നേതാവാണ് കരാറിലെത്താനുള്ള പ്രധാന തടസ്സമെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ, സിൻവാറിന്റെ മരണം ഹമാസിന്റെ നേതൃനിരയിൽ വലിയ ശൂന്യത കൊണ്ടുവന്നതായി ഖത്തറും ഈജിപ്തും വാദിക്കുന്നു. തങ്ങളുടെ ആശങ്ക കഴിഞ്ഞയാഴ്ച പശ്ചിമേഷ്യ സന്ദർശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ഇവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിൻവാറിന് ഫലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ് ഉൾപ്പെടെയുള്ള ഗസ്സയിലെ മറ്റു പോരാളി സംഘടനകളുമായും വലിയ ബന്ധമുണ്ടായിരുന്നു. 101 ബന്ദികളും ഗസ്സയിലെ പല സംഘടനകളുടെയും കൈവശമാണുള്ളത്. മുതിർന്ന അംഗങ്ങൾ ഉൾപ്പെട്ട കൗൺസിലാണ് ഇപ്പോൾ ഹമാസിനെ നയിക്കുന്നത്. സിൻവാറിന്റെ പിൻഗാമി ഗസ്സയിൽ ഒരു കേന്ദ്രീകൃത അധികാരം നിലനിർത്തുന്നതിൽ വിജയിക്കില്ലെന്നും ഇത് ബന്ദി മോചനത്തിൽ പ്രതിബദ്ധങ്ങൾ തീർക്കാൻ സാധ്യതയുണ്ടെന്നും മധ്യസ്ഥർ അമേരിക്കക്ക് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സിൻവാർ കാരണം വെടിനിർത്തൽ ചർച്ചകൾ രണ്ട് മാസമായി നിലച്ചിരിക്കുകയാണെന്നാണ് അമേരിക്ക മധ്യസ്ഥർക്ക് നൽകിയ മറുപടി. സിൻവാറിനെ ഇല്ലാതാക്കിയത് സാഹചര്യങ്ങളെ കൂടുതൽ വഷളാക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ, ഈ വാദം ഖത്തറും ഈജിപ്തും അംഗീകരിച്ചിട്ടില്ലെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നത്. കരാറിലെത്താതിരിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളിൽ അമേരിക്ക വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. ഫിലാഡൽഫിയ ഇടനാഴിയിലടക്കം സൈനികരെ നിലനിർത്തുമെന്ന നെതന്യാഹുവിന്റെ പുതിയ ആവശ്യം കൊണ്ടുവന്നിരിന്നില്ലെങ്കിൽ കഴിഞ്ഞ വേനലിൽ തന്നെ വെടിനിർത്തലിൽ എത്തിച്ചേരുമായിരുന്നുവെന്ന് അറബ് നയതന്ത്രജ്ഞൻ പറയുന്നു. സിൻവാർ വിടവാങ്ങിയതോടെയുണ്ടായ പ്രശ്നങ്ങൾ അമേരിക്ക മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബന്ദികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ വിശ്വസനീയമായി ഏർപ്പെടാൻ ഹമാസിന് കഴിയുമോ എന്നതറിയാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്പോക്സ്പേഴ്സൻ മാത്യു മില്ലർ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിലൂടെ കടന്നുപോവുകയാകും അവർ. അടുത്ത ഏതാനും ആഴ്ചകളിലെ ഫലങ്ങൾ അവരുടെ ഭാവത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നിർണയിക്കുമെന്ന് താൻ കരുതുന്നു. ഇസ്രായേൽ അതിന്റെ നല്ലൊരു ശതമാനം ലക്ഷ്യങ്ങളും നേടി. ഹമാസിന്റെ നേതാക്കളെ വധിക്കാനായി. അവരുടെ സൈനിക സംവിധാനങ്ങളിൽ നാശനഷ്ടമുണ്ടാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ ഇസ്രായേൽ കൂടുതൽ സന്നദ്ധമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മില്ലർ കൂട്ടിച്ചേർത്തു.
എന്നാൽ, ബന്ദികളെ വിട്ടയച്ചാലും ശാശ്വതമായ വെടിനിർത്തലിന് താൻ തയ്യാറല്ലെന്ന നിലപാട് നെതന്യാഹു ഇന്നലെ ആവർത്തിക്കുകയുണ്ടായി. യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത വിധമുള്ള ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവെക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രായേലിന്റെ മധ്യസ്ഥ സംഘത്തിലുള്ള മുതിർന്ന അംഗം കഴിഞ്ഞദിവസം രാജിവെച്ചു. ബ്രിഗേഡിയർ ജനറൽ ഒറേൻ സെറ്ററാണ് രാജിവെച്ചത്. ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ചർച്ചകൾ നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേൽ സൈന്യത്തിന് വേണ്ടി ചർച്ചയിൽ ഭാഗമായിട്ടുള്ള മേജർ ജനറൽ നിറ്റ്സാൻ അലോണിന്റെ സഹായിയായിട്ടാണ് ഒറേൻ പ്രവർത്തിച്ചിരുന്നത്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് അദ്ദേഹം രാജിവെച്ചത്.
വെടിനിർത്തൽ ചർച്ചകൾ അനന്തമായി നീളുമ്പോഴും ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണം നിർബാധം തുടരുകയാണ്. ഇതുവരെ 43,061 പേരാണ് കൊല്ലപ്പെട്ടത്. 1,01,223 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ലബനാനിൽ 2710 പേർ കൊല്ലപ്പെടുകയും 12,592 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16