'ലൂണ' തകർന്നുവീണത് താങ്ങാനായില്ല; പ്രശസ്ത റഷ്യൻ ശാസ്ത്രജ്ഞൻ കുഴഞ്ഞു വീണു
സോവിയറ്റ് യൂണിയൻ കാലം മുതൽ റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായിരുന്നു മിഖായേൽ
മോസ്‌കോ: റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രോപരിതലത്തിൽ തകർന്നുവീണ വാർത്ത നിരാശയോടെയാണ് റഷ്യ കേട്ടത്. ഏതാണ്ട് അരനൂണ്ടാനിടയിലെ ആദ്യത്തെ ചാന്ദ്ര ദൗത്യത്തിൽ പ്രവർത്തിച്ച മുതിർന്ന ശാസ്ത്രജ്ഞരിലൊരാൾ ലൂണ ദൗത്യം പരാജയപ്പെട്ട വാർത്ത കേട്ട് തളർന്നുവീണു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജ്യോതിശാസ്ത്രജ്ഞനായ മിഖായേൽ മറോവിനെ ( 90 )ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകർത്തെന്നും അത് ആരോഗ്യത്തെ ബാധിച്ചതായും മിഖായേൽ മാധ്യമങ്ങളോട് പറഞ്ഞു.
സോവിയറ്റ് യൂണിയൻ കാലം മുതൽ റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായിരുന്നു മിഖായേൽ. ലൂണ -25 ദൗത്യം ഞങ്ങളുടെ ചാന്ദ്ര ദൗത്യത്തിന്റെ പുനരുദ്ധാരണത്തിനുള്ള അവസാന പ്രതീക്ഷയായിരുന്നു. ഇതെല്ലാം താങ്ങാൻ പറ്റാത്തതാണെന്നും മിഖായേൽ പ്രതികരിച്ചു. നിലവിൽ ക്രെംലിനിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് മിഖായേൽ മറോവ്.
47 വർഷങ്ങൾക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രനിൽ ഇറക്കുന്നതിന് മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയക്കിടെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായെന്നാണ് വിവരം.ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, തുടർന്ന് പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു.
ജൂലൈ 14 ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. പേടകം തകരാനുണ്ടായ കാരണങ്ങളെക്കുറിച്ച് മന്ത്രിതല അന്വേഷണം ആരംഭിക്കുമെന്ന് റോസ്‌കോസ്മോസ് പ്രഖ്യാപിച്ചു.
Adjust Story Font
16