Quantcast

ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസ്; 34 കേസുകളിലും ട്രംപ് കുറ്റക്കാരൻ

പോൺ താരം സ്‌റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.

MediaOne Logo

Web Desk

  • Published:

    31 May 2024 1:09 AM GMT

Trump Convicted On All 34 Charges In Hush Money Criminal Trial
X

ന്യൂയോർക്ക്: പോൺ താരം സ്‌റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമുള്ള കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് ന്യൂയോർക്ക് ജ്യൂറിയുടെ കണ്ടെത്തൽ. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക.

സ്‌റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.

കോടതിയിൽ ഹാജരായ സ്‌റ്റോമി ഡാനിയേൽ 2006ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ വാഗ്ദാനം പാലിക്കപ്പെടില്ലെന്ന് മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും സ്റ്റോമി ഡാനിയൽ കോടതിയെ അറിയിച്ചു.

ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഈ കഥ തന്റെ ഓർമക്കുറിപ്പിന്റെ വിൽപ്പനക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണം ഏറ്റെടുത്ത കീത്ത് ഡേവിഡ്‌സൺ പറഞ്ഞു. എന്നാൽ, അത് പുറത്തുപറയാതിരിക്കാൻ ഡേവിഡ്‌സണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ഉടമ്പടിയുണ്ടാക്കി. അതനുസരിച്ചാണ് തനിക്ക് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്‌റ്റോമി ഡാനിയേൽ പറഞ്ഞു.

TAGS :

Next Story