Quantcast

'ഗസ്സക്കാരെ ഈജിപ്തും ജോർദാനും ഏറ്റെടുക്കണം;' നിലപാട് ആവർത്തിച്ച് ട്രംപ്

'തടസ്സങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് (ഗസ്സക്കാർ) ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗസ്സ മുനമ്പിലേക്ക് നോക്കുമ്പോൾ, വർഷങ്ങളായി അവിടം നരകമാണ്.'

MediaOne Logo

Web Desk

  • Updated:

    28 Jan 2025 6:33 AM

Published:

28 Jan 2025 6:32 AM

Why Washington DC Residents Are Leaving The City Ahead Of Trumps Inauguration
X

വാഷിങ്ടൺ: ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയോട് സഹകരിക്കില്ലെന്ന് ജോർദാനും ഈജിപ്തും വ്യക്തമാക്കിയതിനു പിന്നാലെ, നിലപാട് ആവർത്തിച്ച് യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. സ്സ ജീവിതയോഗ്യമായ സ്ഥലമല്ലെന്നും അവിടുത്തെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു. ഈജിപ്ത് പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ സിസ്സിയുമായി ഫോൺ സംഭാഷണം നടത്തിയ ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു യു.എസ് പ്രസിഡണ്ട്.

'തടസ്സങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് (ഗസ്സക്കാർ) ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗസ്സ മുനമ്പിലേക്ക് നോക്കുമ്പോൾ, വർഷങ്ങളായി അവിടം നരകമാണ്. ആ മുനമ്പിൽ വ്യത്യസ്തമായ സംസ്‌കാരങ്ങളുണ്ട്. അവയൊന്നും ഇവിടെ തുടങ്ങിയതല്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണത്. എല്ലാ കാലത്തും അതിനൊപ്പം അക്രമവും ഉണ്ടായിരുന്നു...' ട്രംപ് പറഞ്ഞു: 'അതിനാൽ, അവിടത്തെ ജനങ്ങൾക്ക് കൂടുതൽ നല്ലതും സുരക്ഷിതവും ആശ്വാസകരവുമായ സ്ഥലത്ത് ജീവിക്കാനുള്ള അവസരമുണ്ടാകണം...'

ഗസ്സക്കാരെ ഏറ്റെടുക്കണമെന്ന തന്റെ ആശയം ഈജിപ്ത് പ്രസിഡണ്ട് നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു: 'ചിലരെ (സിസ്സി) ഏറ്റെടുക്കണമെന്നാണ് എന്റെ ആഗ്രഹം. ഞങ്ങൾ അവരെ ഏറെ സഹായിച്ചിട്ടുണ്ട്. അവർ ഞങ്ങളെയും സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. സത്യം പറഞ്ഞാൽ, അദ്ദേഹം ലോകത്തെ ഏറ്റവും കഠിനമായ സ്ഥലത്താണുള്ളത്. അദ്ദേഹവും ജോർദാൻ രാജാവും എന്റെ ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'

ഗസ്സയിലെ ജനതയെ അവിടെ നിന്ന് ഒഴിപ്പിക്കുക എന്ന ട്രംപിന്റെ ആശയം അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. ഫലസ്തീൻ ഭൂമി ഫലസ്തീനികൾക്ക് എന്ന മുൻനിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഈജിപ്തും ജോർദാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ നിന്ന് ഒഴിപ്പിക്കുന്ന ഒരുലക്ഷം പേരെ അൽബേനിയ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ അൽബാനിയൻ പ്രധാനമന്ത്രി എദി റമാ തള്ളിക്കളയുകയും ചെയ്തു. ഗസ്സക്കാരെ ഏറ്റെടുക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഇന്തൊനേഷ്യയും തള്ളി.

ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന തന്റെ മുൻ നിലപാട് ഇപ്പോഴുമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇസ്രായേൽ പ്രധാനമന്ത്രി ബെൻയമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പറയാം എന്നാണ് ട്രംപ് പ്രതികരിച്ചത്. അടുത്തയാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി വാഷിങ്ടണിൽ ട്രംപിനെ കാണുന്നത്. അധികാരമേറ്റ ശേഷം ട്രംപിനെ സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രമേധാവിയാണ് നെതന്യാഹു.

ഫലസ്തീനികളെ ഒഴിപ്പിച്ച് ഗസ്സയെ ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റണമെന്നും ജൂത താമസസ്ഥലങ്ങൾ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം മാസങ്ങൾക്കു മുമ്പ് ഇസ്രായേലിലെ ജൂത വലതുപക്ഷ സംഘടനകളാണ് ആദ്യം ഉന്നയിച്ചത്. അന്താരാഷ്ട്രതലത്തിൽ വൻ പ്രതിഷേധങ്ങൾക്കാണ് ഇത് കാരണമായത്.

TAGS :

Next Story