ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് മാറ്റി ട്രംപ്
1880ൽ വിക്ടോറിയ രാജ്ഞി സമ്മാനമായി നൽകിയ മേശയാണിത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലെ പ്രശസ്തമായ റെസല്യൂട്ട് ഡെസ്ക് താൽക്കാലികമായി മാറ്റി. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇളയ മകൻ മൂക്കിൽ കൈയിട്ട് ഈ മോശയിൽ തുടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
ഉപേക്ഷിക്കപ്പെട്ട ബ്രിട്ടീഷ് പര്യവേക്ഷണ കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ മരം കൊണ്ട് നിർമ്മിച്ച മേശയാണ് റെസല്യൂട്ട് ഡെസ്ക്. 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ഹെയ്‌സിന് സമ്മാനമായി നൽകിയതാണിത്. മിക്ക യുഎസ് പ്രസിഡന്റുമാരും ഈ ഡെസ്ക് ഉപയോഗിച്ചിട്ടുണ്ട്.
ഇലോൺ മസ്കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫീസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടി മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരീക്ഷണം. ട്രംപിന് ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മൂക്ക് തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഓക്ക് തടികൾ കൊണ്ട് നിർമിച്ച ഈ മേശ 1961 മുതൽ ജോൺ എഫ്. കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.
Adjust Story Font
16