Quantcast

അറബ്, മിഡിൽ ഈസ്റ്റ് ഉപദേശകനായി മസാദ് ബൗലോസിനെ തെരഞ്ഞെടുത്ത് ഡൊണാൾഡ് ട്രംപ്

ലെബനാനിൽ ജനിച്ച മസാദ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർതൃപിതാവാണ്

MediaOne Logo

Web Desk

  • Published:

    2 Dec 2024 5:01 PM GMT

അറബ്, മിഡിൽ ഈസ്റ്റ് ഉപദേശകനായി മസാദ് ബൗലോസിനെ തെരഞ്ഞെടുത്ത് ഡൊണാൾഡ് ട്രംപ്
X

വാഷിങ്ടൺ: അറബ്, മിഡിൽ ഈസ്റ്റ് ഉപദേശകനായി മസാദ് ബൗലോസിനെ തെരഞ്ഞെടുത്ത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനാനിൽ ജനിച്ച മസാദ് ബൗലോസ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർതൃപിതാവാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനുവേണ്ടി അറബ് അമേരിക്കൻ നേതാക്കളുമായി അദ്ദേഹം നിരന്തരം ചർച്ച നടത്തിയിരുന്നു.

'കോടീശ്വരനും ലബനീസ് – അമേരിക്കൻ വ്യവസായിയുമായ മസാദ് ആയിരിക്കും അറബ് മിഡിൽ ഈസ്റ്റ് മേഖലയിലെ വിഷയങ്ങളിൽ മുതിർന്ന ഉപദേഷ്ടാവ് ആയി ചുമതലയേൽക്കുക. പ്രശസ്ത അഭിഭാഷകനും ബിസിനസ് ലോകത്തെ ആദരണീയനുമായ മസാദിന് രാജ്യാന്തര തലത്തിൽ സമഗ്രമായ അനുഭവസമ്പത്തുണ്ടെന്ന്' ട്രംപ് പറഞ്ഞു. ദീർഘനാളായി റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ വക്താവായി തുടരുന്ന മസാദ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അറബ് അമേരിക്കൻ സമൂഹവുമായി മികച്ച ബന്ധം നിലനിർത്താൻ സഹായിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.

രണ്ടാം തവണയാണ് രാജ്യത്തെ പ്രധാന അധികാര പദവിയിലേക്ക് മക്കളുടെ ബന്ധുക്കളെ ട്രംപ് നിയമിക്കുന്നത്. ഫ്രാൻസിന്റെ അംബാസിഡറായി മകൾ ഇവാങ്കയുടെ ഭർതൃപിതാവ് ചാൾസ് കുഷ്നറെ ട്രംപ് നിയമിച്ചിരുന്നു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനങ്ങൾ നടത്തിയത്.

ലെബനനിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ പിന്തുണയ്‌ക്കായി നിർണായക ച‌ർച്ച നടത്തിയത് മസാദ് ആണ്. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ലെബനീസ് രാഷ്‌ട്രീയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മസാദിന്റെ ഭാര്യാപിതാവ് ഹിസ്‌ബുള്ളയുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം യുഎസ് പ്രതിരോധ വകുപ്പ് മേധാവിയുമായിരുന്ന കാഷ് പട്ടേലിനെ എഫ്‌ബിഐ ഡയറക്‌ടറായി ട്രംപ് നിയമിച്ചു.

TAGS :

Next Story