ഹനിയ്യ മരണത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്തു; ഇന്‍സ്റ്റഗ്രാം വിലക്കി തുര്‍ക്കി
ഹനിയ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പോസ്റ്റുകൾ ഇൻസ്റ്റഗ്രാം നീക്കിയെന്ന് തുർക്കി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആരോപിച്ചിരുന്നു.
അങ്കാറ: ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തി തുർക്കി. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇൻസ്റ്റഗ്രാം സെൻസർ ചെയ്തെന്ന ആരോപണവുമായി തുർക്കി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്‌റെറ്റിൻ അൽതുൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിലക്കേർപ്പെടുത്തിയത്.
ഹനിയ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പോസ്റ്റുകൾ ഇൻസ്റ്റഗ്രാം നീക്കിയെന്നായിരുന്നു അൽതുന്നിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമിന്റേത് സെന്‍സര്‍ഷിപ്പാണെന്നും അത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും എന്നും ഫലസ്തീൻ സഹോദരങ്ങൾക്കൊപ്പം നിൽക്കുമെന്നും അൽതുൻ കൂട്ടിച്ചേർക്കുന്നുണ്ട്.
എത്രകാലത്തേക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് തുർക്കി കമ്മ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. വിലക്കേർപ്പെടുത്തിയതിനുപിന്നാലെ ഇൻസ്റ്റഗ്രാം മൊബൈൽ ആപ്പും ലഭ്യമല്ല. രാജ്യത്ത് 50 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഉപയോക്താക്കളുണ്ടെന്നാണ് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വിലക്കിനെക്കുറിച്ചോ അൽതുനിന്റെ വിമർശനത്തെക്കുറിച്ചോ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16