Quantcast

ഇസ്രായേലിലേക്ക് 54 ഇനം ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിർത്തിവെച്ച് തുർക്കിയ

നടപടി അവശ്യസഹായവിതരണം തടഞ്ഞതിന് പിന്നാലെ

MediaOne Logo

Web Desk

  • Published:

    9 April 2024 4:00 PM GMT

ഇസ്രായേലിലേക്ക് 54 ഇനം ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിർത്തിവെച്ച് തുർക്കിയ
X

അങ്കാറ: ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ. ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇസ്രയേൽ ആക്രമണം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യാനുള്ള തുർക്കിയയുടെ ആവശ്യം ഇസ്രായേൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയയുടെ നടപടി.

ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ, ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, യന്ത്രങ്ങൾ, ഗ്രാനൈറ്റ്, സിമന്റ്, ഇഷ്ടിക എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തുമെന്നാണ് തുർക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചത്.

'അന്താരാഷ്ട്ര സമൂഹത്തെ അവഗണിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ നഗ്‌നമായി ലംഘിക്കുകയും ചെയ്യുകയാണ് ഇസ്രായേൽ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക സഹായങ്ങൾ അനുവദിക്കുകയും ചെയ്യുന്നത് വരെ നിയന്ത്രണം തുടരും'-തുർക്കിയ വ്യാപാര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അവശ്യവസ്തുക്കൾ എയർഡ്രോപ് ചെയ്യാൻ ശ്രമിച്ച തുർക്കിയൻ വിമാനങ്ങളെ തടഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ കർശനനടപടി സ്വീകരിക്കാൻ നിർബന്ധിതരാവുന്നത്.

അതേസമയം, തുർക്കിയയുടെ നടപടിക്കെതിരെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്തുവന്നു. ഒരിക്കൽക്കൂടി ഹമാസിനെ പിന്തുണയ്ക്കുക വഴി തുർക്കി ജനതയുടെ സാമ്പത്തിക താൽപര്യങ്ങൾ തകർക്കുകയാണ് ഭരണകൂടമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.

തുർക്കിയയുടെ സാമ്പത്തികാവസ്ഥ തകർക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കാറ്റ്സ്, തുർക്കിയയിലേക്കുള്ള കയറ്റുമതി നിർത്തുമെന്നും അവിടെ നിക്ഷേപം നടത്തുന്നത് അവസാനിപ്പിക്കാനും ഉപരോധങ്ങൾ ഏർപ്പെടുത്താനും അമേരിക്കയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

ഗസ്സയിലെ യുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും അവരുടെ പ്രതിനിധികളോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലും തുർക്കിയയും അന്താരാഷ്ട്ര വേദികളിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിവരുന്നുമുണ്ട്.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു.

TAGS :

Next Story