Quantcast

എയറോസ്‌പേസ് ആസ്ഥാനത്തെ ഭീകരാക്രമണത്തിന് തിരിച്ചടിയായി സിറിയയിലും ഇറാഖിലും തുർക്കിയുടെ വ്യോമാക്രമണം

ഭീകരാക്രമണത്തിന് പിന്നിൽ കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയാണെന്നാണ് തുർക്കിയുടെ ആരോപണം.

MediaOne Logo

Web Desk

  • Published:

    24 Oct 2024 10:59 AM GMT

Turkey strikes Iraq, Syria after attack on defence company near Ankara
X

അങ്കാറ: തുർക്കി എയറോസ്‌പേസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇറാഖിലും സിറിയയിലും തുർക്കിയുടെ വ്യോമാക്രമണം. കുർദിഷ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയാണെന്നാണ് തുർക്കിയുടെ ആരോപണം.

ഇറാഖിലും സിറിയയിലും തങ്ങൾ ലക്ഷ്യമിട്ട 32 കുർദിഷ് കേന്ദ്രങ്ങൾ തകർത്തുവെന്നും സിവിലിയൻ മേഖലയിൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ പരമാവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും തുർക്കി പ്രതിരോധമന്ത്രാലയം അറിയിച്ചു. അതേസമയം എവിടെയൊക്കെയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്താൻ തുർക്കി തയ്യാറായിട്ടില്ല.

തുർക്കിയുടെ യാത്രാവിമാനങ്ങളും സൈനിക വിമാനങ്ങളും നിർമിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇതിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയാണ് എന്നായിരുന്നു തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായയുടെ ആരോപണം. പ്രതിരോധമന്ത്രി യാസർ ഗുലറും വിരൽചൂണ്ടിയത് കുർദിസ്ഥാൻ പാർട്ടിക്ക് നേരെയായിരുന്നു.

സിറിയയിലെയും ഇറാഖിലെയും കുർദിഷ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുർക്കി നേരത്തെയും ആക്രമണം നടത്തിയിരുന്നു. കുർദിഷ് സായുധ സംഘങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് തുർക്കി പ്രധാനമായും പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡ്രോൺ ആയുധങ്ങൾ നിർമിക്കുന്നത്. തെക്കുകിഴക്കൻ തുർക്കിയിൽ സ്വയംഭരണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി സായുധ പോരാട്ടം നടത്തുന്നത്. 1980 മുതൽ തുടരുന്ന പോരാട്ടത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. തുർക്കിയും സഖ്യകക്ഷികളും തുർക്കിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയെ തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്.

TAGS :

Next Story