Quantcast

യു.എന്നിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച് ഉർദുഗാൻ

ഉയിഗൂർ പ്രശ്നവും റോഹിങ്ക്യൻ മുസ്‍ലിങ്ങൾക്കെതിരായ ക്രൂരതകളെ കുറിച്ചും ഉർദുഗാൻ ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചു.

MediaOne Logo

Web Desk

  • Published:

    22 Sep 2021 12:26 PM GMT

യു.എന്നിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച് ഉർദുഗാൻ
X

ഐക്യരാഷ്ട്രസഭയിൽ വീണ്ടും കശ്മീർ വിഷയം ചർച്ചയാക്കി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യു.എൻ പൊതുസഭയുടെ ഉന്നതതല സെഷനിലണ് ഉർദുഗാൻ കശ്മീർ വിഷയം ഉന്നയിച്ചത്. തുർക്കി നടപടിക്കെതിരെ ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷവും കശ്മീർ വിഷയം തുർക്കി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിരുന്നു.

പൊതുസഭയെ സംബോധന ചെയ്യുന്നതിനിടെയാണ് തുർക്കി, കശ്മീരിനെ കുറിച്ച് പരാമർശം നടത്തിയത്. കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ എഴുപത്തിനാലു വർഷമായി സ്വീകരിച്ചു പോരുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തുർക്കി അറിയിക്കുകയായിരുന്നു. പ്രശ്‌നബാധിതരായ ഇരുകക്ഷികളും തമ്മിൽ യു.എൻ ചട്ടക്കൂടിനുള്ളിൽ വെച്ചു നടത്തുന്ന പ്രശ്‌നപരിഹാരത്തിനു തുർക്കിയുടെ പിന്തുണയുള്ളതായും ഉർദുഗാൻ പറഞ്ഞു.

എന്നാൽ തുർക്കി പ്രസിഡന്റിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യ രംഗത്തുവന്നു. ഉർദുഗാന്റെ നടപടി തീർത്തും അസ്വീകാര്യമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം തുർക്കി മാനിക്കണം. തങ്ങളുടെ തന്നെ നയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ബോധം തുർക്കിക്കുണ്ടാകണമെന്നും ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ വർഷം പാകിസ്താൻ സന്ദർശനത്തിനിടയിലും ഉർദുഗാൻ കശ്മീരിനെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരുന്നു. ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ് തുർക്കിയുടെ പരാമർശം തെളിയിക്കുന്നതെന്ന് വദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ രാജ്യം ബാധ്യസ്ഥമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ഉയിഗൂർ മുസ്‍ലിങ്ങൾക്കുമേൽ ചൈനീസ് സർക്കാർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും റോഹിങ്ക്യൻ മുസ്‍ലിങ്ങൾക്കെതിരായ ക്രൂരതകളെ കുറിച്ചും ഉർദുഗാൻ ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചു. സിൻചിയാങ് മേഖലയിൽ ചൈന നടത്തുന്ന ഉയിഗൂർ വംശഹത്യക്കെതിരെ നേരത്തെ അമേരിക്കയും യൂറോപ്യൻ യൂണിയനും വിമർശനവുമായി രംഗത്തുവന്നിരുന്നു. സംഭവത്തിൽ രാജ്യാന്തര അന്വേഷണം നടത്തണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story