ഹൂത്തി ഭീകരർക്കെതിരെ തിരിച്ചടി ഉറപ്പെന്ന് യുഎ.ഇ
കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം ഊർജിതമാണ്.
അബൂദബിയിലെ രണ്ടിടങ്ങളിൽ ഇന്നലെയുണ്ടായ സ്ഫോടനങ്ങൾക്കു പിന്നൽ പ്രവർത്തിച്ച യെമനിലെ ഹൂത്തികൾക്കെതിരെ ശക്തമായ പ്രത്യാക്രമണവുമായി സൗദി സഖ്യരാജ്യങ്ങൾ. ഭീകരർക്കെതിരെ തിരിച്ചടി ഉറപ്പാണെന്ന് യുഎ.ഇ നേതൃത്വം മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം ഊർജിതമാണ്. ഇന്നുതന്നെ മൃതദേഹം കൈമാറിയേക്കും
അബൂദബി വ്യവസായ മേഖലയായ മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിശദവിവരങ്ങൾ അറിവായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി പ്രതികരിച്ചു. പാകിസ്താൻ പൗരനാണ് മരിച്ച മൂന്നാമത്തെയാൾ. പരിക്കേറ്റ 6 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. യു.എ.ഇ മണ്ണിൽ നടന്ന ആക്രമണത്തിന് തക്കശിക്ഷ നൽകാതിരിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. മആരിബിലും സൻആയിലും വൻ ആക്രമണമാണ് തുടരുന്നത്.
അതിനിടെ യെമനിൽ അധിനിവേശം നടത്തുന്നവർക്കെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂത്തി വിഭാഗം അറിയിച്ചു. യു.എ.ഇക്ക് നേരെ നടന്ന ആക്രമണത്തെ അമേരിക്കയും യൂറോപ്യൻ യൂനിയനും അപലപിച്ചു. മേഖലയുടെ സമാധാനം തകർക്കുന്ന ആക്രമണമാണിതെന്നും യു.എ.ഇയുടെ സുരക്ഷയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും വിവിധ ലോക രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ ഗൾഫ് രാജ്യങ്ങളും യു.എ.ഇക്ക് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു.
Adjust Story Font
16