Quantcast

ദീപാവലി ആഘോഷത്തിന് മാംസാഹാരവും മദ്യവും; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ദീപാവലി എന്നത് ആഘോഷത്തിന്റെ അവസരം മാത്രമല്ല, ആഴത്തിലുള്ള ആത്മീയമായ സന്ദർഭം കൂടിയാണെന്ന് ബ്രിട്ടീഷ് ഹിന്ദു സംഘടനയായ ഇൻസൈറ്റ് യുകെ പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    16 Nov 2024 3:38 AM GMT

ദീപാവലി ആഘോഷത്തിന് മാംസാഹാരവും മദ്യവും; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി
X

ലണ്ടന്‍: ദീപാവലി ആഘോഷത്തില്‍ മാംസാഹാരവും മദ്യവും വിളമ്പിയതില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി. എന്താണ് വിളമ്പിയത് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി സ്റ്റാർമറിന്റെ ഓഫീസ് വക്താവ് പറയുന്നു.

'പരിപാടിയുടെ സംഘാടനത്തില്‍ ഒരു തെറ്റുപറ്റി. ഈ വിഷയത്തിലെ വികാരത്തിന്റെ ശക്തി ഞങ്ങള്‍ മനസിലാക്കുന്നു. അതിനാല്‍ ഈ സമൂഹത്തോട് ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കുന്നു', ഡൗണിങ്‌സ്ട്രീറ്റ് 10 ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഹിന്ദു, സിഖ്, ജൈന സമുദായങ്ങൾ രാജ്യത്തിന് നൽകുന്ന സുപ്രധാന സംഭാവനകളെ അദ്ദേഹം വിലമതിക്കുന്നതായും വ്യക്തമാക്കി.

ഒക്ടോബര്‍ 29ന് കെയർ സ്റ്റാർമർ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ മദ്യവും മാംസവും വിളമ്പിയതാണു വിവാദത്തിനിടയാക്കിയത്. സംഭവത്തിൽ വിമർശനവുമായി ഒരു വിഭാഗം ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. ആഘോഷത്തിന് പിന്നാലെ നടന്ന വിരുന്നിലാണ് ലാമ്പ് കബാബും മത്സ്യവും ബിയറും വൈനും ഉൾപ്പെടെ വിളമ്പിയത്. ഈ സമയത്തുതന്നെ ഹിന്ദു സംഘടനാ നേതാക്കൾ വിമർശിച്ചു.

ചിലർ ഭക്ഷണം കഴിച്ചില്ല. കാറ്ററിങ് ജീവനക്കാരോട് ഇക്കാര്യം ചോദിച്ചപ്പോള്‍ നേരത്തെ ഓർഡർ ചെയ്തവയാണ് വിളമ്പിയതെന്നായിരുന്നു വിശദീകരണം. കണ്‍സര്‍വേറ്റീവ് എം.പി. ശിവാനി രാജയും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണക്കുറവാണ് ഇതെന്ന് ഹിന്ദു സംഘടനയായ ഇന്‍സൈറ്റ് യുകെ. പ്രതികരിച്ചിരുന്നു. ബഹുസ്വര സംസ്‌കാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടു ഭാവിയിൽ നടത്തുന്ന ഇത്തരം പരിപാടികൾക്കു മുൻപ് മതനേതാക്കളുമായി ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയായതിന് ശേഷം സ്റ്റാര്‍മര്‍ ആദ്യമായാണ് ഡൗണിങ്‌സ്ട്രീറ്റ് 10ല്‍ ദീപാവലി ആഘോഷമൊരുക്കിയിരുന്നത്.

TAGS :

Next Story