Quantcast

14 മാസമായി മൂത്രമൊഴിക്കാനാകാതെ യു.കെ വനിത; അപൂർവ അസുഖം, ചികിത്സ

എത്ര പാനീയം കുടിച്ചാലും ഇവർക്ക് മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ വരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    25 March 2023 12:24 PM GMT

Elli Adams
X

Elli Adams

എത്ര പാനീയം കുടിച്ചാലും ഇവർക്ക് മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ വരികയായിരുന്നുലണ്ടൻ: ഒരു വർഷത്തിലധികമായി മൂത്രമൊഴിക്കാനാകാതെ അപൂർവ അസുഖം ബാധിച്ച് കണ്ടൻറ് ക്രിയേറ്ററായ യു.കെ. വനിത. 30കാരിയായ എല്ലി ആദംസിന്റെ അപൂർവ അസുഖവും ചികിത്സയും ന്യൂയോർക്ക് പോസ്റ്റടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2020 ഒക്‌ടോബറിലാണ് തനിക്ക് മൂത്രമൊഴിക്കാനാകാത്തത് ഈസ്റ്റ് ലണ്ടിനിലെ ബൗവിൽ നിന്നുള്ള ഇവർ തിരിച്ചറിഞ്ഞത്. എത്ര പാനീയം കുടിച്ചാലും ഇവർക്ക് മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ വരികയായിരുന്നു.

'എനിക്ക് പൂർണ ആരോഗ്യമുണ്ടായിരുന്നു. മറ്റു പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഒരു ദിവസം നേരം പുലർന്നപ്പോൾ എനിക്ക് മൂത്രമൊഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതെന്നെ വല്ലാതെ ആകുലപ്പെടുത്തി' എല്ലി വെളിപ്പെടുത്തി.

'അതോടെ, ഞാൻ നിർണായക ഘട്ടത്തിലായി. എന്റെ ജീവിതമാകെ മാറി. ടോയിലെറ്റിൽ പോയി കാര്യങ്ങൾ പൂർണമായി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി' അവർ പറഞ്ഞു.

തുടർന്ന് ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിൽ ഇവർ ചികിത്സ തേടി. അത്യാഹിത വിഭാഗത്തിലെത്തി പരിശോധനയ്ക്ക് വിധേയയായ ഇവർ അറിഞ്ഞത് തന്റെ മൂത്രസഞ്ചിയിൽ ഒരു ലിറ്റർ മൂത്രമുണ്ടെന്നായിരുന്നു. സാധാരണ സ്ത്രീകളുടെ മൂത്രസഞ്ചിയിൽ 500 മില്ലി ലിറ്ററും പുരുഷന്മാരുടേതിൽ 700 മില്ലി ലിറ്ററുമാണ് മൂത്രമുണ്ടാകുക.

എല്ലിയുടെ പ്രശ്‌നം പരിഹരിക്കാൻ മൂത്രസഞ്ചിയിലേക്ക് ഡോക്ടർമാർ ഒരു ട്യൂബ് കടത്തിവിട്ടുള്ള ചികിത്സ നിർദേശിച്ചു. മൂത്രസഞ്ചിയിലുള്ള മൂത്രം ഒഴിവാക്കാനായിരുന്നിത്. തുടർന്ന് ഈ ചികിത്സ സ്വയം ചെയ്യാനും അവരെ പഠിപ്പിച്ചു. ഇതോടെ അവരെ വീട്ടിലേക്ക് അയച്ചു. പിന്നീട് ആശുപത്രിയിലെത്തി പുനഃപരിശോധന നടത്താനും നിർദേശിച്ചു. തുടർന്ന് 14 മാസത്തെ പരിശോധനകൾക്കൊടുവിൽ ഫൗളേഴ്സ് സിൻഡ്രോമാണ് ഇവർക്ക് ബാധിച്ചതെന്ന് 2021 ഡിസംബറിൽ കണ്ടെത്തി. മൂത്രം സാധാരണ നിലയിൽ പുറത്തുവിടാൻ കഴിയാത്തതാണ് ഈ അസുഖം. 20കളിലും 30കളിലും പ്രായമുള്ള യുവതികളിലാണ് ഈ അസുഖം കണ്ടുവരുന്നത്. ഇതിന്റെ കാരണം അവ്യക്തവും ചികിത്സ പരിമിതവുമാണ്. യു.എസിൽ ആയിരത്തോളം പേർക്കാണ് അസുഖം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ഡോക്ടർമാർ നിർദേശിച്ച ട്യൂബ് വഴി തന്നെ എല്ലി ജീവിത കാലം മുഴുവൻ മൂത്രമൊഴിക്കേണ്ടി വരുമെന്നാണ് പരിശോധന ഫലം പുറത്തുവന്നതോടെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്.

തുടർന്ന് ലണ്ടനിലെ ഗയസ് ആശുപത്രിയിൽ എല്ലി യൂറോഡൈനാമിക്‌സ് ടെസ്റ്റിന് വിധേയയായി. തുടർന്ന് മൂത്രസഞ്ചി, മലവിസർജ്ജനം തുടങ്ങിയ പ്രശ്നങ്ങൾക്ക് സഹായിക്കുന്ന ചികിത്സയായ സാക്രൽ നെർവ് സ്റ്റിമുലേഷൻ (എസ്എൻഎസ്) ആണ് അവരുടെ അസുഖത്തിനുള്ള ചികിത്സയെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് 2023 ജനുവരിയിൽ ഇവർ ഓപ്പറേഷന് വിധേയയായി. ഈ ഓപ്പറേഷൻ കുറേയേറെ സഹായകരമായെന്നാണ് ഇവർ പറയുന്നത്. ട്യൂബ് വഴി മൂത്രം നീക്കുന്നത് പകുതിയിലേറെ കുറച്ചെന്നും പറഞ്ഞു.

UK woman unable to urinate for 14 months; Rare disease, treatment

TAGS :
Next Story