Quantcast

യുക്രൈനിൽ ഹെലികോപ്ടർ തകർന്നുവീണ് ആഭ്യന്തരമന്ത്രി ഉൾപ്പടെ 18 പേർ മരിച്ചു

ആഭ്യന്തര വകുപ്പിലെ പ്രഥമ ഉപമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തിൽ മരിച്ചതായി യുക്രൈൻ അധികൃതർ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    18 Jan 2023 10:28 AM GMT

Denys Monastyrsky
X

കിയവ്: യുക്രൈനിൽ ഹെലികോപ്ടർ തകർന്നുവീണ് ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിസ്‌കി ഉൾപ്പടെ 18 പേർ മരിച്ചു. തലസ്ഥാനമായ കിയവിന്റെ കിഴക്കൻ മേഖലയിൽപ്പെട്ട ബ്രോവറിയിലെ ഒരു കിന്റർ ഗാർട്ടൻ സ്‌കൂളിന് സമീപമാണ് ഹെലികോപ്ടർ തകർന്നുവീണത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. 29 പേർക്ക് പരിക്കേറ്റു.

ആഭ്യന്തര വകുപ്പിലെ പ്രഥമ ഉപമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തിൽ മരിച്ചതായി യുക്രൈൻ അധികൃതർ അറിയിച്ചു. യുക്രൈന്റെ ദേശീയ അടിയന്തര സേവന ഹെലികോപ്ടറാണ് തകർന്നതെന്ന് പൊലീസ് മേധാവി ഐഹോർ ക്ലിമെങ്കോ ഫേസ്ബുക്കിൽ കുറിച്ചു.

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മൊണാസ്റ്റിസ്‌കി. 2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.



യുദ്ധം രൂക്ഷമായ മേഖലയിലേക്കുള്ള യാത്രയിലായിരുന്നു മൊണാസ്റ്റിസ്‌കിയെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസിൽ ഉപമേധാവിയായ കിരിലോ ടൈമോഷെങ്കോ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് ഹെലികോപ്ടർ തകർന്നതെന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story