Quantcast

റഷ്യന്‍ അധിനിവേശത്തിന് ശേഷം 43,000 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലന്‍സ്കി

യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായതായും അദ്ദേഹം സമ്മതിച്ചു

MediaOne Logo

Web Desk

  • Published:

    9 Dec 2024 4:53 AM GMT

Ukrainian soldiers
X

കിയവ്: റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം ഏകദേശം 43,000 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായതായും അദ്ദേഹം സമ്മതിച്ചു.

370,000 പേര്‍ക്ക് പരിക്കേറ്റതായും സോഷ്യല്‍മീഡിയ പോസ്റ്റില്‍ സെലന്‍സ്കി പറഞ്ഞു. ഈ കണക്കില്‍ ഒന്നിലധികം തവണ പരിക്കേറ്റ സൈനികരുമുണ്ട്. ചില പരിക്കുകള്‍ നിസ്സാരമാണെന്നും പറയപ്പെടുന്നു. 198,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും 550,000 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ പറഞ്ഞ കണക്കുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കാനായിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനും റഷ്യയും എതിരാളികളുടെ നഷ്ടങ്ങളുടെ കണക്കുകള്‍ പതിവായി പുറത്തുവിടുന്നുണ്ടെങ്കിലും സ്വന്തം കാര്യം വിശദീകരിക്കാൻ വിമുഖത കാണിക്കുകയാണ്.

ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ യുക്രേനിയന്‍ മരണങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് പുതിയ കണക്കുകളില്‍ സൂചിപ്പിക്കുന്നത്. നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ 400,000 സൈനികരെ നഷ്ടപ്പെട്ടുവെന്നും ഒരുലക്ഷം റഷ്യക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് എഴുതിയതിന് ശേഷമാണ് യുക്രേനിയന്‍ പ്രസിഡന്‍റ് ഇക്കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതനായതെന്ന് കരുതപ്പെടുന്നു. ഈ കണക്കുകള്‍ എവിടെ നിന്നാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. വളരെയധികം ജീവിതങ്ങള്‍ 'അനാവശ്യമായി പാഴായതായും' പറഞ്ഞു. റഷ്യയുടെ നഷ്ടത്തെക്കുറിച്ചുള്ള സെലെന്‍സ്‌കിയുടെ കണക്കുകള്‍ മുതിര്‍ന്ന പാശ്ചാത്യ ഉദ്യോഗസ്ഥര്‍ നല്‍കിയതിന് സമാനമാണ്. റഷ്യയില്‍ ഏകദേശം എട്ടുലക്ഷം പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കുന്നു.

നവംബറില്‍ മാത്രം റഷ്യയില്‍ 45,680 പേര്‍ കൊല്ലപ്പെട്ടതായി യു കെ പ്രതിരോധ മന്ത്രാലയം പറയുന്നു. 2022 ഫെബ്രുവരിയില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏത് മാസത്തേക്കാളും കൂടുതലാണിത്. ഏറ്റവും പുതിയ യുകെ ഡിഫന്‍സ് ഇന്‍ലിജന്‍സ് കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 1,523 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. നവംബര്‍ 28ന് റഷ്യക്ക് ഒരു ദിവസം രണ്ടായിരത്തിലധികം പേരെയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഈ കണക്കുകളെ മോസ്‌കോ സമ്മതിക്കുന്നില്ല. ഒരു പ്രസ്താവനയില്‍ യുക്രൈനുണ്ടായ നഷ്ടം റഷ്യയെക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണെന്ന് ക്രെംലിന്‍ അവകാശപ്പെട്ടു.

കിഴക്കന്‍ യുക്രൈനിലും റഷ്യയുടെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയിലുമായി ഏകദേശം 2,350 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുക്കുകയും ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ റഷ്യന്‍ സൈന്യം കിഴക്കന്‍ മുന്‍നിരയില്‍ വലിയ മുന്നേറ്റം തുടരുകയും ചെയ്യുന്നു. ആഗസ്തില്‍ റഷ്യയിലേക്ക് ഒരു അപ്രതീക്ഷിത ആക്രമണം നടത്തിയ യുക്രൈന്‍ പിടിച്ചെടുത്ത റഷ്യന്‍ പ്രദേശത്തിന്‍റെ ഒരു ചെറിയ ഭാഗത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യുന്നു.

കുര്‍സ്‌കില്‍ മാത്രം 38,000 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാനുള്ള മാര്‍ഗങ്ങളില്ല. 2014ലാണ് റഷ്യ ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തത്. എട്ട് വര്‍ഷത്തിന് ശേഷം അവര്‍ യുക്രൈനിലേക്ക് പൂര്‍ണമായ അധിനിവേശം നടത്തുകയും രാജ്യത്തിന്‍റെ തെക്കും കിഴക്കും പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഒരു ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കാമ്പെയ്നിനിടെ ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും അത് എങ്ങനെയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

തന്‍റെ രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ഫലപ്രദമായ അന്താരാഷ്ട്ര ഗ്യാരന്റികളാല്‍ ഏത് സമാധാന കരാറിനും പിന്തുണ നല്‍കുമെന്ന് സെലെന്‍സ്‌കി തന്‍റെ പോസ്റ്റില്‍ ഊന്നിപ്പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മോസ്‌കോ നശിപ്പിക്കാത്ത ഒരു 'ശാശ്വത സമാധാനം' കിയവിന് ആവശ്യമാണെന്ന് താന്‍ മാക്രോണിനോടും ട്രംപിനോടും പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തര വെടിനിര്‍ത്തലിനുള്ള ട്രംപിന്‍റെ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് ക്രെംലിനും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നു. യുക്രൈന്‍ തങ്ങളുടെ കൂടുതല്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതും നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം ഉപേക്ഷിണമെന്നുമാണ് വെടിനിര്‍ത്തലിനുള്ള ആവശ്യങ്ങളായി പുടിന്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെ കിയവ് നിഷേധിച്ചിട്ടുണ്ട്.

TAGS :

Next Story