ഹിജാബിട്ട ഫ്രഞ്ച് അത്‌ലറ്റുകൾ ഒളിംപിക്‌സിൽ വേണ്ട; ഫ്രാന്‍സിന്‍റെ തീരുമാനത്തിനെതിരെ യുഎൻ
ഏതെങ്കിലും ഗ്രൂപ്പിനെതിരെയുള്ള വിവേചനം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന
ഹിജാബ് ധരിച്ച് ഒളിംപിക് മെഡൽ നേടിയ ആദ്യ മുസ്‌ലിം വനിത ഇബ്തിഹാജ് മുഹമ്മദ്, 2016 റിയോ ഒളിംപ്കിസിൽ ഫെൻസിങ്ങിലായിരുന്നു ഇവരുടെ മെഡൽ നേട്ടം
പാരിസ്: 2024 ഒളിംപിക്‌സിൽ ഹിജാബ് ധരിച്ച അത്‌ലറ്റുകൾക്ക് അവസരം നിഷേധിച്ച ഫ്രഞ്ച് ഗവൺമെന്റ് നടപടിയെ അപലപിച്ച് യുഎൻ മനുഷ്യാവകാശ സംഘടന. സ്ത്രീകൾ എന്തു ധരിക്കണം, എന്തു ധരിക്കേണ്ട എന്ന് നിർബന്ധിക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷൻ വക്താവ് മരിയ ഹുർതാഡോ പറഞ്ഞു.
ഒളിംപിക്‌സിൽ ഒരു മതചിഹ്നവും പ്രദർശിപ്പിക്കേണ്ടതില്ലെന്നും അത്‌ലറ്റുകൾക്ക് ഹിജാബ് അനുവദനീയമല്ലെന്നും ഫ്രഞ്ച് കായിക മന്ത്രി അമെലി ഔഡെ കസ്‌റ്റെറ ഞായറാഴ്ചയാണ് പ്രസ്താവനയിറക്കിയത്. ഫ്രാൻസ് 3 ടെലിവിഷനുമായി സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 'കായിക മേഖലയിലും കർശനമായ മതേതരത്വം നടപ്പാക്കും. പൊതുമേഖലയിൽ നിഷ്പക്ഷത പാലിക്കുക എന്ന തത്വം, പൊതുമേഖലയിലുള്ള കായിക ഫെഡറേഷനുകൾക്കും ബാധകമാണ്. ദേശീയ-അന്താരാഷ്ട്ര മത്സരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫ്രഞ്ച് ടീമുകൾ ഈ ചട്ടം പാലിക്കാൻ ബാധ്യസ്ഥമാണ്. ഫ്രഞ്ച് ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു താരത്തിനും ഹിജാബ് പോലുള്ള മതാവിഷ്‌കാര വേഷം ധരിക്കാനാകില്ല'- എന്നായിരുന്നു അവരുടെ വാക്കുകള്‍.
ഫ്രഞ്ച് സർക്കാർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് യുഎൻ വക്താവ് കൂട്ടിച്ചേർത്തു. 'ഏതെങ്കിലും ഗ്രൂപ്പിനെതിരെയുള്ള വിവേചനം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പൊതുസുരക്ഷ, പൊതുക്രമം തുടങ്ങിയവയെ ബാധിക്കുന്ന പ്രത്യേക സാഹചര്യത്തിൽ മാത്രമേ വസ്ത്രധാരണം പോലുള്ള മത-വിശ്വാസാവിഷ്‌കാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുള്ളൂ.' - ഹുർതാഡോ കൂട്ടിച്ചേർത്തു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ (അമ്പത് ലക്ഷം) താമസിക്കുന്ന രാജ്യമാണ് ഫ്രാൻസ്. 2010 മുതൽ ഹോസ്പിറ്റലുകൾ, കടകൾ, യാത്രാ സംവിധാനങ്ങൾ, തെരുവുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിഖാബ് ധരിക്കുന്നതിന് ഫ്രാൻസിൽ സമ്പൂർണ വിലക്കുണ്ട്. 2011 മുതൽ സ്‌കൂളുകളിൽ ഹിജാബ്, തലപ്പാവ് തുടങ്ങിയവ ധരിക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ അബായ ധരിക്കുന്നതും ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രാലയം വിലക്കിയിരുന്നു.
അതിനിടെ, പാരിസ് ഒളിംപിക്‌സിലെ അത്‌ലറ്റിക് വില്ലേജിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) വ്യക്തമാക്കി. വിഷയത്തിൽ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും ഐഒസി വക്താവ് അറിയിച്ചു. 'ഹിജാബ് അടക്കമുള്ള മറ്റേതു മത-സാസ്‌കാരിക വേഷങ്ങൾ ധരിക്കുന്നതിനും ഒളിംപിക് വില്ലേജിൽ നിയന്ത്രണമുണ്ടാകില്ല. പതിനായിരത്തോളം അത്‌ലറ്റുകളെയാണ് വില്ലേജിൽ പ്രതീക്ഷിക്കുന്നത്. ഡൈനിങ് ഹാൾ, വിനോദ സൗകര്യങ്ങൾ എന്നിവിടങ്ങളെല്ലാം അവർ പരസ്പരം പങ്കിടും.' - അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16