Quantcast

ഗസ്സയിൽ വെടിനിർത്തൽ; ​ യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ അമേരിക്ക

കൂടുതൽ ആയുധങ്ങൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

MediaOne Logo

Web Desk

  • Published:

    22 March 2024 2:02 AM GMT

Gaza Ceasefire
X

ദുബൈ: ഗസ്സയിൽ വെടിനിർത്തലിന്​ ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന്​ യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന്​ അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന്​ യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്​തമാക്കിയ സാഹചര്യത്തിലാണ്​ സ്വന്തം നിലക്ക്​ യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്​. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന്​ രാത്രി തന്നെ വോട്ടിനിടും എന്നാണ്​ സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തി​ന്‍റെ അടിസ്​ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ്​ പ്രമേയം കൊണ്ടുവരുന്ന​തെന്ന്​ യു.എന്നിലെ യു.എസ്​ അംബാസഡറുടെ വക്​താവ്​ അറിയിച്ചു.

ഖത്തറിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദൽനീക്കം ശക്​തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്​​. യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകന്‍റെ ആറാമത്​ പശ്ചിമേഷ്യൻ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയിൽ പരമാവധി സഹായം ഉറപ്പാക്കാൻ അമേരിക്ക വീണ്ടും ഇ​സ്രായേലിനോട്​ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ഏറ്റവും വലിയ അബദ്ധമായി മാറുമെന്നും ഹമാസിനെ അമർച്ച ചെയ്യാൻ അത്​ പര്യാപ്​തമാകില്ലെന്നും ആൻറണി ബ്ലിൻകൻ പറഞ്ഞു. ഇസ്രായേലിന്​ പരമാവധി ആയുധസഹായം നൽകി മേഖലയിൽ സമാധാനത്തിന്​ ആഹ്വാനം ചെയ്യുന്ന അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പുതിയ സന്ദർശനത്തിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന്​ ഫലസ്​തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്ന്​ യൂറോപ്യൻ യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള കരയാക്രമണത്തിൽ നിന്ന്​ പിന്തിരിയാനും ഇ.യു നേതാക്കൾ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറിന്‍റെ അമേരിക്കൻ പര്യടനം കൂടുതൽ ആയുധങ്ങൾ തേടാനാണെന്ന്​ മാധ്യമ റിപ്പോർട്ട്. എഫ്​ 35, എഫ്​ 15 പോർവിമാനങ്ങൾ കൂടുതലായി ഇസ്രായേൽ ആവശ്യപ്പെടുമെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഗസ്സയിലെ അൽശിഫ ആശുപത്രിക്ക്​ നേരെ വീണ്ടും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാരുമായുള്ള ബന്ധം പൂർണമായും വിഛേദിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

TAGS :

Next Story