Quantcast

ഗസ്സയുടെ വേദനയും ഇസ്രായേലിന്റെ ക്രൂരതയും ലോകത്തിന് മുന്നിലെത്തിച്ചു; യുനെസ്കോ പ്രസ് ഫ്രീഡം പുരസ്കാരം ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക്

141 മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്

MediaOne Logo

Web Desk

  • Published:

    3 May 2024 9:58 AM GMT

UNESCO press freedom prize for Palestine journalists
X

ഗസ്സയിലെ ഇസ്രായേലിന്റെ ക്രൂരതകളും ജനങ്ങളുടെ വേദനയും ലോകത്തിന് മുന്നിലെത്തിച്ച ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്ക് യുനൈറ്റഡ് നേഷൻസ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്കോ) പുരസ്കാരം. 2024ലെ യുനെസ്കോ/ഗില്ലെർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസിനാണ് മാധ്യമപ്രവർത്തകർ അർഹരായത്.

‘ഇരുട്ടിന്റെയും നിരാശയുടെയും ഈ കാലഘട്ടത്തിൽ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യത്തിന്റെയും അംഗീകാരത്തിന്റെയും ശക്തമായ സന്ദേശം പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -ഇന്റർനാഷനൽ ജൂറി ഓഫ് മീഡിയ പ്രഫഷനൽസിന്റെ ചെയർമാൻ മൗറീഷ്യോ വെയ്ബെൽ പറഞ്ഞു. മനുഷ്യത്വം എന്ന നിലയിൽ അവരുടെ ധൈര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുഷ്കരവും അപകടകരവുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അചഞ്ചലമായ പ്രവർത്തനങ്ങൾക്കുള്ള ആദരവായിട്ടാണ് ഈ അവാർഡ് നൽകുന്നതെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക്, വിവരങ്ങൾ അറിയിക്കാനും അന്വേഷിക്കാനും അവരുടെ പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാനും കൂട്ടയ പ്രവർത്തനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധിപ്പിക്കാനും ഈ വർഷത്തെ അവാർഡ് നമ്മെ ഓർമ്മിപ്പിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

1997 മുതലാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പിന്തുണക്കുകയുമാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. 1986ൽ കൊല്ലപ്പെട്ട കൊളംബിയൻ മാധ്യമപ്രവർത്തകൻ ഗില്ലെർമോ കാനോ ഇസാസയുടെ സ്മരാണാർഥമാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന്റെ നേതൃത്വത്തിൽ വലിയ ക്രൂരതകളും ആസൂത്രിത വംശഹത്യയുമാണ് ഗസ്സയിൽ അരങ്ങേറുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളും ജനങ്ങളുടെ വേദനയും ലോകത്തിന് മുന്നിൽ എത്തിക്കുന്ന ധീരമായ പ്രവർത്തനമാണ് ഫലസ്തീനിലെ മാധ്യമപ്രവർത്തകർ നിർവഹിക്കുന്നത്. ഇതിനായി അവർക്ക് വലിയ വില നൽകേണ്ടി വരുന്നുണ്ട്. പലർക്കും ജീവൻ തന്നെ നഷ്ടപ്പെട്ടു.

141 മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പുറമെ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും വീടുകളെയും ഇസ്രായേൽ സൈന്യം ലക്ഷ്യമിടുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളും സൈന്യം തകർത്തു.

ഫലസ്തീൻ ജനതയുടെ പ്രശ്നങ്ങൾ ലോകത്തിന് മുന്നിൽ നിന്ന് മറയ്ക്കാനും വസ്തുതകളെ വളച്ചൊടിക്കാനും ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകളെ മായ്ച്ചുകളയാനുാമയി മാധ്യമപ്രവർത്തകരെ ഇസ്രായേൽ ബോധപൂർവം ലക്ഷ്യമിടുകയാണെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് ആരോപിക്കുന്നു. ഗസ്സയിൽ മാധ്യമപ്രവർത്തകർക്കെതിരായ സൈന്യത്തിന്റെ നടപടിയിൽ അന്താരാഷ്ട്ര പത്രപ്രവർത്തക ഫെഡറേഷൻ അപലപിച്ചിരുന്നു.

ഗസ്സയുടെ വേദന പകർത്തിയ റോയിട്ടേഴ്സ് ഫോട്ടോഗ്രഫർ മുഹമ്മദ് സലേമിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം മടിയിൽവെച്ച് വിങ്ങിപ്പൊട്ടുന്ന പലസ്തീൻ വനിതയുടെ ചിത്രത്തിനായിരുന്നു പുരസ്കാരം.

TAGS :

Next Story