Quantcast

അഫ്ഗാനിൽ പത്തു ലക്ഷത്തോളം കുട്ടികൾ മരണം മുന്നിൽകാണുന്നു; അടിയന്തര സഹായം വേണമെന്ന് യൂനിസെഫ്

എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണരീതിയും മിതത്വവും സുസ്ഥിരതയുമുള്ള നയങ്ങളും സ്വീകരിക്കാനും ഭീകരവാദ സംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കാനും അഫ്ഗാനിലെ എല്ലാ കക്ഷികളോടും ചൈന ആവശ്യപ്പെട്ടതായി 'പീപ്പിൾസ് ഡെയ്‌ലി' റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-08-25 11:51:58.0

Published:

25 Aug 2021 11:45 AM GMT

അഫ്ഗാനിൽ പത്തു ലക്ഷത്തോളം കുട്ടികൾ മരണം മുന്നിൽകാണുന്നു; അടിയന്തര സഹായം വേണമെന്ന് യൂനിസെഫ്
X

അഫ്ഗാനിസ്താനിൽ ലക്ഷക്കണക്കിനു വരുന്ന കുട്ടികള്‍ക്കായി അടിയന്തര മാനുഷിക സഹായങ്ങൾ ആവശ്യമുണ്ടെന്ന് യൂനിസെഫ്. 1,400 കോടി രൂപയുടെ അടിയന്തര ഭക്ഷ്യവസ്തുക്കൾ അഫ്ഗാനിലെത്തേണ്ടതുണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും(ഡബ്ല്യുഎഫ്പി) ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിൽനിന്നുള്ള രക്ഷാദൗത്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അടിയന്തര സഹായങ്ങൾ ആവശ്യപ്പെട്ട് യുഎൻ സംഘടനകൾ രംഗത്തെത്തിയത്.

പോഷകാഹാരക്കുറവ് കാരണം അഫ്ഗാനിൽ പത്തുലക്ഷത്തോളം കുട്ടികൾ മരണം മുന്നിൽ കാണുകയാണെന്ന് യൂനിസെഫ് അഫ്ഗാൻ വക്താവ് പറഞ്ഞു. ഒരു കോടിയോളം കുട്ടികള്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. താലിബാന്റെ വരവോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അടിയന്തരമായി സഹായം എത്തിച്ചില്ലെങ്കിൽ ലക്ഷക്കണക്കിനു കുട്ടികളുടെ ജീവനാണ് അപകടത്തിലാകാൻ പോകുന്നതെന്നാണ് യൂനിസെഫ് മുന്നറിയിപ്പ്.

1.40 കോടിയോളം കുട്ടികളാണ് ഭക്ഷ്യക്ഷാമം നേരിടുന്നതെന്ന് ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയരക്ടർ ഡെവിഡ് ബീസ്ലി പറഞ്ഞു. അഫ്ഗാൻ ജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. വർഷങ്ങളായുള്ള ക്ഷാമവും സാമ്പത്തികമാന്ദ്യവും കോവിഡും ആഭ്യന്തര സംഘർഷവുമെല്ലാം ഇതിൽ ഘടകമായിട്ടുണ്ട്. എന്നാൽ, താലിബാൻ നിയന്ത്രണം പിടിച്ചടക്കിയതോടെ രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ഇതിനാൽ, 200 മില്യൻ ഡോളറിന്റെ സഹായം വേണമെന്ന് ഡബ്ല്യുഎഫ്പി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്ത് ജിന്‍പിങ്ങും പുടിനും

അതിനിടെ, ചൈനീസ്-റഷ്യൻ പ്രസിഡന്റുമാർ അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്തു. ഫോൺ മുഖേനെയാണ് ഷി ജിൻപിങ്ങും വ്‌ളാദ്മിർ പുടിനും വിഷയങ്ങൾ ചർച്ച ചെയ്തതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ 'പീപ്പിൾസ് ഡെയ്‌ലി' റിപ്പോർട്ട് ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണരീതിയും മിതത്വവും സുസ്ഥിരതയുമുള്ള നയങ്ങളും കൈക്കൊള്ളാൻ ചൈന അഫ്ഗാനിലെ ബന്ധപ്പെട്ട കക്ഷികളോടെല്ലാം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഭീകരവാദ സംഘങ്ങളുമായി ബന്ധം വിച്ഛേദിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രക്ഷാദൗത്യത്തിലൂടെ അഫ്ഗാനിൽനിന്ന് പുറത്തെത്തിച്ചവരുടെ സംഖ്യ 83,200 ആയി. നേരത്തെ നിശ്ചയിച്ചതു പ്രകാരം ഈ മാസം അവസാനത്തോടെ തന്നെ സമ്പൂർണ സേനാ പിന്മാറ്റം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇപ്പോള്‍തന്നെ സൈനികർ ഘട്ടംഘട്ടമായി അഫ്ഗാൻ വിട്ടുതുടങ്ങിയിട്ടുണ്ട്.

TAGS :

Next Story