Quantcast

ഇറാനിൽ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; സൈനികരെ ആക്രമിച്ചവരെ വെറുതെ വിടില്ലെന്ന് വൈറ്റ് ഹൗസ്

മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന്​ അമേരിക്ക പിന്തിരിയണമെന്ന്​ ഇറാൻ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 Feb 2024 12:57 AM GMT

ഇറാനിൽ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; സൈനികരെ ആക്രമിച്ചവരെ വെറുതെ വിടില്ലെന്ന് വൈറ്റ് ഹൗസ്
X

ദുബൈ: ഇറാനെ ഉന്നം വെച്ചുള്ള സൈനിക നടപടികൾ തുടരാനുറച്ച്​ അമേരിക്ക. കൂടുതൽ ആക്രമണ സാധ്യത മുൻനിർത്തി ഗൾഫ്​ മേഖലയിൽ ആശങ്ക ശക്​തം. വിവിധ രാജ്യങ്ങളിലെ സായുധ വിഭാഗങ്ങളുടെ നീക്കങ്ങൾക്ക്​ ഇറാൻ വിലയൊടുക്കണമെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഇറാഖ്​, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന അമേരിക്കൻ മുന്നറിയിപ്പിനിടയിൽ ഗൾഫ്​ മേഖലയിൽ സംഘർഷം കനക്കുന്നു. മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന്​ അമേരിക്ക പിന്തിരിയണമെന്ന്​ ഇറാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സൈനികർക്കു ​നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകി.

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈബർ വിങ്ങിനെ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചു. ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി​ന്റെ സൈബർ ഇലക്‌ട്രോണിക് കമാൻഡിലെ ആറ് ഉദ്യോഗസ്ഥർക്കും ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്ക് സാമഗ്രികൾ നൽകുന്ന ഇറാൻ, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കുമാണ് ഉപരോധം. ഇറാഖിലും സിറിയയിലും 80 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉപരോധപ്രഖ്യാപനം. റെവല്യൂഷണറി ഗാർഡിന്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് തുർക്കിയ ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളറും അമേരിക്ക പിടിച്ചെടുത്തു. അതിനിടെ, ചരക്കുകപ്പലിന് അകമ്പടിയായി ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടു. ചൈനയുടെയും റഷ്യയുടെയും കപ്പലുകളെ ആക്രമിക്കില്ലെന്ന്​ ഹൂതികൾ അറിയിച്ചിരുന്നു. മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായാണ്​ ചൈനയുടെ നടപടിയെ വിലയിരുത്തുന്നത്​.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയിൽ പിന്നിട്ട 24 മണിക്കൂറിനിടെ 107 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 165 പേർക്ക് പരിക്കേറ്റു. ഇതുവരെ 27,238 പേർ കൊല്ലപ്പെടുകയും 66,452 പേർക്ക് പരിക്കേൽക്കുകയും ചെയ്​തു. യുദ്ധക്കെടുതിയിൽ അസ്വസ്ഥരായ ഗസ്സയിലെ 12 ലക്ഷം കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യുനിസെഫ് കണക്കാക്കുന്നതായി യു.എൻ റിപ്പോർട്ട് ചെയ്​തു.

TAGS :

Next Story