വിവാദ തുർക്കി പണ്ഡിതൻ ഫത്ഹുല്ല ഗുലൻ അന്തരിച്ചു
2016ലെ സൈനിക അട്ടിമറി ശ്രമത്തിന്റെ ആസൂത്രകനെന്ന് തുർക്കി ആരോപിക്കുന്നയാളാണ് ഫത്ഹുല്ല
അങ്കാറ: വിവാദ തുർക്കി ഇസ്‍ലാമിക പണ്ഡിതൻ ഫത്ഹുല്ല ഗുലൻ അന്തരിച്ചു. 83 വയസായിരുന്നു. യുഎസിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചതെന്ന് ഗുലൻ്റെ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റായ ഹെർകുലും തുർക്കി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. 1999 മുതൽ അമേരിക്കയിലാണ് ഗുലൻ കഴിയുന്നത്.
2016ലെ സൈനിക അട്ടിമറി ശ്രമത്തിന്റെ ആസൂത്രകനെന്ന് തുർക്കി ആരോപിക്കുന്നയാളാണ് ഫത്ഹുല്ല. അതിനു മുമ്പ് 1999ല്‍ രാജ്യത്തെ സെക്യുലര്‍ സ്വഭാവത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുലനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടതിന് ശേഷമാണ് ചികിത്സയുടെ പേരില്‍ അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്യുന്നത്.
2002ല്‍ ഉര്‍ദുഗാന്‍ സര്‍ക്കാറിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു ഹിസ്മത് പാര്‍ട്ടി. ഉര്‍ദുഗാനുമായും അദ്ദേഹത്തിന്റെ എകെ പാര്‍ട്ടിയുമായും നല്ല ബന്ധത്തിലായിരുന്ന അദ്ദേഹം 2013ന് ശേഷമാണ് അവരുമായി ഇടയുന്നത്.
തുർക്കിക്കും പുറത്തും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു ഹിസ്മത്ത്. പിന്നീട് ഉർദുഗാൻ സർക്കാരിനെതിരെ സൈനിക അട്ടിമറിശ്രമം നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. അട്ടിമറി ശ്രമത്തിന് ശേഷം ഗുലൻ പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായി തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ തുര്‍ക്കി കോടതി അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കുകയും അമേരിക്കയോട് ഗുലനെ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അട്ടിമറിയിലെ ബന്ധം നിഷേധിച്ച ഗുലന്‍ ഉർദുഗാൻ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ആരോപിച്ചിരുന്നു. തുര്‍ക്കിയില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ഹിസ്മത്തിന്റെ സമാന്‍ പത്രവും സിഹാന്‍ ചാനലും അടക്കമുള്ള മാധ്യമ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
Adjust Story Font
16