Quantcast

പ്രതിയെ നടുറോഡില്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു: യുഎസില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടി കൊള്ളാതിരിക്കാന്‍ യുവാവ് മുഖം പൊത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ വീണ്ടും വീണ്ടും ഇടിയ്ക്കുകയും ദേഹത്ത് കയറിയിരിക്കുകയും ചെയ്യുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-22 12:09:22.0

Published:

22 Aug 2022 11:54 AM GMT

പ്രതിയെ നടുറോഡില്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു: യുഎസില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X


ലിറ്റില്‍ റോക്ക്: പ്രതിയെ നടുറോഡില്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചതിന് യുഎസില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അര്‍കന്‍സാസ് സംസ്ഥാനത്ത് ക്രോഫോര്‍ഡ് കൗണ്ടിയിലെ ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥരെയും മള്‍ബറി പോലീസ് ഡിപാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഞായറാഴ്ച മള്‍ബറി കണ്‍വീനിയന്‍സ് സ്‌റ്റോറിന് പുറത്തു നടന്ന സംഭവത്തെത്തുടര്‍ന്നാണ് നടപടി. റണ്ടാല്‍ വോര്‍സെസ്റ്റര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്. ഉദ്യോഗസ്ഥര്‍ മൂവരും ചേര്‍ന്ന് യുവാവിനെ നിരവധി തവണ ക്രൂരമായി മുഖത്തിടിയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഇടി കൊള്ളാതിരിക്കാന്‍ യുവാവ് മുഖം പൊത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ വീണ്ടും വീണ്ടും ഇടിയ്ക്കുകയും ദേഹത്ത് കയറിയിരിക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇത് നിര്‍ത്താന്‍ ആംഗ്യം കാണിക്കുകയും ചെയ്യുന്നതായി കാണാം.

വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സംഭവത്തില്‍ ക്രോഫോര്‍ഡ് കൗണ്ടി ഷെരീഫ്‌സ് ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌റ്റോറിലെ ജീവനക്കാരനോട് മോശമായി പെരുമാറിയതിന് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരെയും കയ്യേറ്റം ചെയ്യാനൊരുങ്ങിയതിനാല്‍ യുവാവിനെ മര്‍ദിക്കേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പ്രാഥമിക ചികിത്സക്ക് ശേഷം വാന്‍ ബ്യൂറനിലെ ക്രോഫോര്‍ഡ് കൗണ്ടി ജയിലില്‍ അടച്ചു.

TAGS :

Next Story