ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവം: ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ജോ ബൈഡൻ
ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജോ ബൈഡൻ
ദുബൈ: ഗസ്സ യുദ്ധത്തിന്റെ വഴിത്തിരിവെന്നോണം ജോർദാൻ-സിറിയ അതിർത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 30 ലേറെ പേർക്ക് പരിക്കേറ്റതായും യു.എസ് സൈനികവൃത്തങ്ങൾ അറിയിച്ചു. സിറിയയിലെ അൽ തൻഫ് താവളത്തിനു നേരെയായിരുന്നു ആക്രമണം. ഒക്ടോബർ ഏഴിനു ശേഷം മേഖലയിൽ യു.എസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇറാൻ പിന്തുണയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് അതിർത്തി മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജോ ബൈഡൻ പറഞ്ഞു. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തി. ആക്രമണത്തെ ജോർദാൻ അപലപിച്ചു.ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കൻ പ്രത്യാക്രമണ സാധ്യത കൂടുതലാണ്.
അതിനിടെ, ഗസ്സയിലെ ഖാൻ യൂനുസിലും മറ്റും ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമായി. ആശുപത്രികളിലെ സ്ഥിതി ഏറെ ദയനീയമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്നലെ മാത്രം 165 പേരാണ് കൊല്ലപ്പെട്ടത്. 290 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,422 ആയി. പരിക്കേറ്റവരുടെ എണ്ണം 65,087 ത്തിൽ എത്തി.
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പാരീസിൽ തുടരുന്ന ബന്ദിമോചന ചർച്ചയിൽ കാര്യമായ പുരോഗതിയില്ല. രണ്ടു മാസത്തെ വെടിനിർത്തലിനൊപ്പം ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച് ഏറെക്കുറെ വിശാല ധാരണ രൂപപ്പെടുത്താനായെങ്കിലും ഇസ്രായേലും ഹമാസും കൈക്കൊള്ളുന്ന നിലപാടുകൾ നിർണായകമാകും. ലക്ഷ്യം നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലും ആക്രമണം പൂർണമായി അവസാനിപ്പിക്കാതെ വെടിനിർത്താൻ ഒരുക്കമല്ലെന്ന് ഹമാസും മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായാണ് വിവരം.
അതിനിടെ, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളി, ജൂത കുടിയേറ്റത്തിന് അനുമതി നൽകണമെന്ന ആവശ്യവുമായി വിളിച്ചു ചേർത്ത സമ്മേളനത്തിൽ ഇസ്രായേൽ സർക്കാറിലെ 12 മന്ത്രിമാർ പങ്കെടുത്തതായി ജർമൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ യു.എൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ട് പിൻവലിക്കാനുളള അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു
Adjust Story Font
16