Quantcast

‘ചെങ്കടലിലെ യു.എസ്-യു.കെ ആക്രമണം പ്രശ്നം രൂക്ഷമാക്കുന്നു’; മുന്നറിയിപ്പ് നൽകി ചൈന

‘വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനോ അവക്ക് സംരക്ഷണം നൽകാനോ സാധിക്കുന്നില്ല’

MediaOne Logo

Web Desk

  • Published:

    24 Jan 2024 4:38 PM GMT

‘ചെങ്കടലിലെ യു.എസ്-യു.കെ ആക്രമണം പ്രശ്നം രൂക്ഷമാക്കുന്നു’; മുന്നറിയിപ്പ് നൽകി ചൈന
X

ചെങ്കടലിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക പ്രവർത്തനങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ആഗോള ചരക്ക് ഗതാഗതത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ ചൈനയുടെ പ്രതിനിധി മുന്നറിയിപ്പ് നൽകി.

‘അവരുടെ പ്രവർത്തനങ്ങൾ പ്രശ്നം വർധിപ്പിക്കും. വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനോ അവക്ക് സംരക്ഷണം നൽകാനോ സാധിക്കുന്നില്ല’ -ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആയുധ നിയന്ത്രണ വിഭാഗം ഡയറക്ടർ ജനറൽ ഫു കോങ് വ്യക്തമാക്കി.

തെക്കൻ ചെങ്കടൽ ലക്ഷ്യമാക്കി വിക്ഷേപിക്കാൻ തയാറായ രണ്ട് കപ്പൽ വിരുദ്ധ മിസൈലുകൾ തങ്ങളുടെ സൈന്യം യെമനിൽ തകർത്തതായി ബുധനാഴ്ച രാവിലെ യു.എസ് സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം വരുന്നത്.

യു.എസിനെയും യൂറോപ്പിനെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന 500ലധികം ചരക്ക് കപ്പലുകൾ ചെങ്കടൽ ഒഴിവാക്കിയതായാണ് റിപ്പോർട്ട്. ഇത് ചരക്ക് ഗതാഗതം വൈകിപ്പിക്കുകയും ചെലവുകൾ വലിയ രീതിയിൽ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയും ചൈനയും ഉൾപ്പെടെ മറ്റെല്ലാ രാജ്യങ്ങൾക്കും ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം പ്രശ്നമല്ല.

അത്തരം കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. കാരണം സ്വതന്ത്ര കപ്പൽ യാത്ര ഞങ്ങളുടെ രാജ്യത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. എന്നാൽ, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story