ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽ ഖുദുസ് ടി.വി മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മരിച്ചത് ഇതേ സ്ഥാപനത്തിലെ ഒമ്പതാമത്തെയാൾ
ഇസ്രായേൽ നരനായാട്ട് 104 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 118 ആയി.
ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. അൽ ഖുദ്‌സ് ടി.വി ന്യൂസ് ഡയറക്ടർ വാഇൽ ഫനൂനേഹ് ആണ് കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന അൽ ഖുദുസിലെ ഒമ്പതാമത്തെ മാധ്യമപ്രവർത്തകനാണ് ഫനൂനേഹ്.
അഹമ്മദ് ഖൈർ അൽ ദിൻ, ജാബ്ർ അബു ഹദ്രോസ്, ഹസ്സൻ ഫറാജല്ലാഹ്, മുഹമ്മദ് നബീൽ അൽ സാഖ്, മുഹമ്മദ് അൽ തലാലതിനി, ഹമാദ അൽ യസിജി, മുഹമ്മദ് അബു ഹുവൈദി, മഹ്മൂദ് മുഷ്തഹ എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടവർ.
ഇസ്രായേൽ നരനായാട്ട് 104 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 118 ആയി. നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തെ, അൽ ജസീറ ഗസ്സ ബ്യൂറോ വാഇൽ അൽ ദഹ്ദൂഹിന്റെ മകനും സഹപ്രവർത്തകനുമടക്കമുള്ള മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.
ജനുവരി ഏഴിന് ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിലാണ് വാഇലിന്റെ മകൻ ഹംസ അൽ ദഹ്ദൂഹും എഎഫ് റിപ്പോർട്ടർ മുസ്തഫ തുറായയും കൊല്ലപ്പെട്ടത്. ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വാഇലിന്റെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്‌മൂദ്, ഏഴ് വയസുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവരടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്.
ഡിസംബർ 15ന് ഖാൻ യൂനിസിൽ നടന്ന ഷെല്ലാക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ സാമിർ അബൂദഖയും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്ക് വകവയ്ക്കാതെ അദ്ദേഹം വീണ്ടും ഇസ്രായേൽ ക്രൂരതകൾ പുറംലോകത്തെത്തിക്കാൻ ജോലിയിൽ സജീവമായി.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയുടെ തുടക്കം മുതൽ തന്നെ മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമണം ശക്തമായിരുന്നു. ഇസ്രായേൽ ക്രൂരത പുറംലോകത്തെത്തിക്കാൻ ജീവൻ പണയം വച്ച് ഗസ്സയിൽ തുടരുന്ന മാധ്യമപ്രവർത്തകരെ അതിൽ നിന്ന് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആക്രമണങ്ങൾ.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,448 ആയി. ഇതിൽ 10,000ലേറെയും കുട്ടികളാണ്. 61,500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 8663ഉം കുട്ടികളാണ്. 8000ലേറെ പേരെയാണ് കാണാതായത്. ഇതുകൂടാതെ, 354 പേർ അധിനിവേശ വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ടു. 4000ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ, ഗസ്സയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണവും തുടരുകയാണ്. ഗസ്സയിലെ ഇസ്രാ സർവകലാശാലയാണ് ഏറ്റവുമൊടുവിൽ ഇസ്രായേൽ ബോംബിട്ട് തകർത്തത്. ഇതിനെ അപലപിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ മികച്ച സർവകലാശാലകളിലൊന്നായ ബിർസെയ്റ്റ് യൂണിവേഴ്സിറ്റി രംഗത്തെത്തി.
ഇതെല്ലാം ഗസ്സയെ വാസയോഗ്യമല്ലാതാക്കുക എന്ന ഇസ്രായേലി അധിനിവേശ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ഗസ്സ മുനമ്പിൽ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണെന്നും യൂണിവേഴ്സിറ്റി എക്സിൽ കുറിച്ചു. അതേസമയം, റഫയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും ഇടയിൽ ഹെപ്പറ്റൈറ്റിസ് സി പടരുകയാണെന്ന് ഡോക്ടർമാർ പറയുന്നു.
നേരത്തെ, ഗസ്സ മുനമ്പിലാകെ കോളറയും മഞ്ഞപ്പിത്തവും അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടെന്റുകളിൽ വെള്ളം കയറിയതാണ് രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണം. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റേയും ക്ഷാമവും രൂക്ഷമാണ്. ഗസ്സയിലെ ആരോഗ്യസംവിധാനങ്ങൾ തകർന്നതിനാൽ ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും പകർച്ചവ്യാധി മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16