Quantcast

'ഞങ്ങൾ സോഷ്യൽ മീഡിയ സെൻസർഷിപ്പ് ചെയ്യാറില്ല'; സക്കർബർഗിന് മറുപടിയുമായി യൂറോപ്യൻ കമ്മീഷൻ

ഇലോണ്‍ മസ്‌കിന്റെ എക്സിന് സമാനമായ കമ്മ്യൂണിറ്റി നോട്ട്‌സ് സംവിധാനം അവതരിപ്പിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്

MediaOne Logo

Web Desk

  • Published:

    9 Jan 2025 12:40 PM GMT

ഞങ്ങൾ സോഷ്യൽ മീഡിയ സെൻസർഷിപ്പ് ചെയ്യാറില്ല; സക്കർബർഗിന് മറുപടിയുമായി യൂറോപ്യൻ കമ്മീഷൻ
X

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഡാറ്റാ നിയമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിന് മറുപടി നല്‍കി യൂറോപ്യൻ കമ്മീഷന്‍. പ്ലാറ്റ്‌ഫോമുകളോട് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഞങ്ങള്‍ നിർബന്ധിക്കാറില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

കുട്ടികള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമാണ് ആവശ്യപ്പെടാറുള്ളത്. സെന്‍സര്‍ഷിപ്പ് ആരോപണത്തെ പൂര്‍ണമായും തള്ളിക്കളയുന്നു എന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് പറഞ്ഞു.

സെന്‍സര്‍ഷിപ്പിന് നിയമസാധ്യത നല്‍കുന്നതിനും പുതിയ നിർമിതികൾ പ്രയാസത്തിലാക്കുന്നതുമായ നിയമങ്ങളുടെ എണ്ണം യൂറോപ്പില്‍ വര്‍ധിക്കുകയാണ് എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ ആരോപണം. യുഎസിൽ മെറ്റയുടെ കീഴിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വസ്തുതാ പരിശോധന നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പകരം നിയുക്ത യുഎസ് പ്രസിഡന്റ് ‍‍‍‍ഡൊണാൾഡ്‌ ട്രംപിന്റെ നിലപാടുകളോട് ചേര്‍ന്ന് ആഗോള തലത്തില്‍ സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ് ഒഴിവാക്കുന്നതിനായി പ്രവർത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇലോണ്‍ മസ്‌കിന്റെ എക്സിന് സമാനമായ കമ്മ്യൂണിറ്റി നോട്ട്‌സ് സംവിധാനം അവതരിപ്പിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഉള്ളടക്കങ്ങള്‍ വിലയിരുത്താനും അവയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും മറ്റുള്ളവരെ അറിയിക്കാനും ഉപഭോക്താക്കളെ തന്നെ ഏല്‍പ്പിക്കുന്ന രീതിയാണിത്. പുറത്തുനിന്നുള്ള സ്ഥാപനങ്ങളിലെ വസ്തുതാ പരിശോധകര്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും പക്ഷാപാതം കാണിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മെറ്റയുടെ ഈ തീരുമാനം.

TAGS :

Next Story