Quantcast

യഹ്‌യാ സിൻവാറിന് എന്ത് സംഭവിച്ചു?; അന്വേഷണവുമായി ഇസ്രായേൽ

​ഗസ്സയിലെ തുരങ്കങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് ​പരിക്കേറ്റിരിക്കാമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    24 Sep 2024 9:35 AM GMT

Palestinian Communist Parties welcome Yahya Sinwar
X

ഗസ്സ: ഹമാസ് തലവൻ യഹ്‌യാ സിൻവാറിനെക്കുറിച്ച് ഏതാനും ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഒക്ടോബർ ഏഴിന് ആക്രമണം തുടങ്ങിയത് മുതൽ ഗസ്സയിലെ തുരങ്കങ്ങളിൽ സിൻവാർ ഉണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. കഴിഞ്ഞ 11 മാസത്തിനിടെ തുരങ്കത്തിന് പുറത്തുള്ളവരുമായി സിൻവാർ സമ്പർക്കം പുലർത്തിയിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാഷ്ട്രങ്ങളുമായും സിൻവാർ ഇടനിലക്കാർ വഴി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി സിൻവാറും പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

സിൻവാറിന് എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ച് ഇസ്രായേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിൻവാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ മധ്യസ്ഥ ചർച്ചകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഗസ്സയിലെ തുരങ്കങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ സിൻവാറിന് ഗുരുതര പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തോയെന്നാണ് ഇസ്രായേൽ അന്വേഷിക്കുന്നത്. അതേസമയം ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരിക്കാൻ സിൻവാർ മനപ്പൂർവം ബന്ധം കുറച്ചതാണോയെന്ന സംശയവും ഇസ്രായേലിനുണ്ട്.

ഇസ്മാഈൽ ഹനിയ്യയെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽവെച്ച് ഇസ്രായേൽ വധിച്ചതിനെ തുടർന്നാണ് യഹ്‌യാ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാർ ആണ്. ഹമാസിന്റെ സൈനിക നീക്കങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രം സിൻവാർ ആണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രായേൽ ലക്ഷ്യമിടുന്ന ഹമാസ് നേതാക്കളിൽ പ്രധാനിയാണ് സിൻവാർ.

ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് കമാൻഡർമാരായ മർവാൻ ഇസ്സ, അയ്മൻ നൗഫൽ തുടങ്ങിയവരെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. അൽ ഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തിയെന്ന് ഐഡിഎഫ് അവകാശപ്പെട്ടെങ്കിലും ഹമാസ് നിഷേധിച്ചിരുന്നു.

സിൻവാർ ഉണ്ടെന്ന് കരുതുന്ന തുരങ്കങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതായി 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു. എന്നാൽ സിൻവാറിന് പരിക്കേറ്റതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം രൂക്ഷമായപ്പോൾ സിൻവാർ നേരത്തെയും പുറംലോകവുമായി ബന്ധം വിച്ഛേദിച്ചിരുന്നു. തങ്ങളുടെ സംശയങ്ങൾ സ്ഥിരീകരിക്കുന്നതോ തള്ളുന്നതോ ആയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഡിഎഫ് അറിയിച്ചു.

TAGS :

Next Story