Quantcast

പുടിന്റെ വിമർശകരെ പിന്തുടരുന്ന ‘ദുരൂഹ മരണങ്ങൾ’

വിമർശകരും പ്രതിപക്ഷ നേതാക്കളുമുൾ​പ്പടെ നിരവധി ​പേരാണ് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    17 Feb 2024 3:47 AM GMT

പുടിന്റെ വിമർശകരെ  പിന്തുടരുന്ന ‘ദുരൂഹ മരണങ്ങൾ’
X

റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന്റെ വിമർശകനായിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം ​ലോകം പ്രതീക്ഷിച്ചിരുന്നതാണ്. പുടിൻ ഏറ്റവും ഭയപ്പെടുന്ന മനുഷ്യനെന്ന് വാൾസ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ച നവാൽസ്കി കഴിഞ്ഞ ദിവസമാണ് ‘മരിച്ചത്’.പുടിന്റെ വിമർശകരിൽ ദുരൂഹമായി മരിക്കുന്ന ഏറ്റവും പുതിയ ആളാണ് നവാൽനിയെന്ന 47കാരൻ. ഖാർപിലെ ആർക്ടിക് ജയിലിൽ നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതര കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ടവരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന റഷ്യൻ ഫെഡറൽ പെനിറ്റെൻഷിയറി സർവിസ് ആണു വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ 20 വർഷമായി പുടിൻ വിമർശകരുടെ ദുരൂഹ മരണങ്ങൾ റഷ്യയുടെ ചരി​​​ത്രത്തിനൊപ്പമുണ്ട് . പ്രസിഡന്റിനെ വിമർശിച്ചവരിൽ മിക്കവരും മരിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നത് തുടർക്കഥയാവുകയാണ്. പല മാധ്യമപ്രവർത്തകരെയും റഷ്യയിലെ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെയെല്ലാം ‘വിദേശ ഏജൻ്റുമാർ’ എന്ന് ചാപ്പകുത്തി​​ വേട്ടയാടുകയാണ്. നാട് കടത്തപ്പെട്ടവരും തുറങ്കലിലടക്കപ്പെട്ടവരും ഏറെയാണ്. വിമർശകരായ പലരും അപ്രതീക്ഷിതമായി ‘മരണപ്പെട്ടു’.

ഫോബ്സ് മാഗസിന്റെ റഷ്യൻ എഡിഷന്റെ എഡിറ്ററും അമേരിക്കൻ പൗരനുമായിരുന്ന പോൾ ക്ലബ് നിക്കോവിന്റെ മരണമാണ് ദുരൂഹ മരണങ്ങളിൽ വൻ ചർച്ചയായത്. 2004 ലാണ് പോൾ വെടിയേറ്റ് മരിക്കുന്നത്. കൊലപാതകത്തിൽ ചെചൻ വംശജർ പിടിയിലായെങ്കിലും എല്ലാവരെയും വെറുതെവിട്ടു. എന്നാൽ എന്തിനാണ് ഇവർ പോളിനെ കൊന്നതെന്ന അന്വേഷണം എങ്ങുമെത്തിയില്ല. റഷ്യൻ ഭരണകൂടം വാടകക്കെടുത്ത കൊലയാളികളാണിവർ എന്ന് ആരോപണം ഉയർന്നിരുന്നു.

2006 ൽ ഇൻസ്റ്റിറ്റ്യൂഷൻ കൊലപാതകത്തിന് ഇരയായത് രണ്ട് പേരാണ്. മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ അന്ന പൊളിറ്റ്കോവ്സ്കയ മോസ്​കോയിലെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. റഷ്യയിലെ പ്രമുഖ സ്വതന്ത്ര പത്രമായ നോവയ ഗസറ്റയിലെ റിപ്പോർട്ടറായ പൊളിറ്റ്കോവ്സ്കയ പുടിനെ വിമർശിച്ചിരുന്നു.

പുടിൻ വിമർശകനുമായ അലക്സാണ്ടർ ലിറ്റ്‍വിനെ​ങ്കോയും കൊല്ലപ്പെടുന്നത് 2006 ൽ തന്നെയാണ്. ലണ്ടനിൽവെച്ച് രണ്ട് റഷ്യൻ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിഷം കലർന്ന ചായ കുടിച്ചതാണ് മരണത്തിലേക്ക് എത്തിച്ചത്. പൊളോണിയം-210 എന്ന വിഷമാണ് അലക്സാണ്ടറുടെ ശരീരത്തിനുള്ളിലെത്തിയതെന്ന് കണ്ടെത്തിയിരുന്നു. പുടിൻ ആസൂത്രണം ചെ്യതതാണ് കൊലപാതകമെന്ന് ആരോപണം ഉയർന്നിരുന്നു.

പുടിൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ കേസുകൾ നയിച്ചിരുന്ന അഭിഭാഷകനായ സ്റ്റാനിസ്ലേവ് മാർക്കലോവ് 2009 ലാണ് കൊല്ലപ്പെടുന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘമായിരുന്നു മാർക്കലോവിന്റെ ജീ​വനെടുത്തത്.

ബോറിസ് ബെറെസോവ്സ്കി എന്ന വ്യവസായിയുടെ മരണമായിരുന്നു കൊലപാതക പരമ്പരയിൽ പിന്നീട് ലോകം ശ്രദ്ധിച്ചത്. 2013 ലായിരുന്നു ആ മരണം. കുളിമുറിയിൽ ദുരൂഹസാഹചര്യത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എന്നാൽ തൂങ്ങിമരിച്ചുവെന്നായിരുന്നു പുടിൻ ഭരണകൂടം ​ലോകത്തെ അറിയിച്ചത്.

​​റഷ്യയെ ഞെട്ടിച്ച മരണമായിരുന്നു ബോറിസ് നെംട്സോവ് എന്ന പ്രതിപക്ഷ നേതാക്കളിൽ പ്രമുഖന്റെ മരണം. 2015 ൽ മോസ്കോയിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ബോറിസ് കൊല്ലപ്പെടുന്നത്. റഷ്യ തുടരുന്ന യുക്രയിൻ വിരുദ്ധ നിലപാടിനെതിരെ നിലകൊള്ളുകയും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മുൻനിരയിലുണ്ടാവുകയും ചെയ്തിരുന്ന അദ്ദേഹം പുടിന്റെ നോട്ടപ്പുള്ളിയായിരുന്നു. നെംട്സോവിന്റെ കൊലപാതകത്തിൽ അഞ്ച് പേരെ ശിക്ഷിച്ചെങ്കിലും ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല.

റഷ്യൻ വാർത്താമന്ത്രിയായിരുന്ന മിഖായേൽ ലെസിന്റെ മരണമായിരുന്നു ഈ തുടർച്ചയിൽ അടുത്തത്. 2016 ൽ വാഷിങ്ടണിലെ​ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂര മർദ്ദനമേറ്റതും വിഷം ഉള്ളിൽ ചെന്നതുമായിരുന്നു മരണ​കാരണമെന്നായിരുന്നു കണ്ടെത്തൽ.

പുടിന്റെ വിമർശകനും പാർലമെന്റംഗവും വ്യവസായിയുമായിരുന്ന പാൽ ആന്റോവും സുഹൃത്തും 2022 ൽ ഇന്ത്യയിൽ വെച്ചാണ് മരിക്കുന്നത്. സഹയാത്രികനായ വ്ലാദിമർ ബിഡെനോവ് മസ്തിഷ്കാഘാതത്തെ തുടർന്ന് ഒഡീഷയിലെ ഹോട്ടലിൽ വെച്ച് ആദ്യം മരിക്കുന്നു. പിന്നാലെ അതെ ഹോട്ടലിന്റെ ജനലിൽ കൂടി പാൽ ആന്റോവ്താ ​ഴേക്ക് വീഴുകയായിരുന്നുവെന്നായിരു​ന്നു പൊലീസ് ഭാഷ്യം.

യുക്രയിന് പിന്തുണ നൽകിയ വ്യവസായി ഡാൻ റാപോപോർട്ടിനെ 2022 ൽ വാഷിങ്ടണിൽ കൊല്ലപ്പെട്ടു. അക്വഡിസ്കോ എന്ന ഗാനത്തിൽ പുടിൻ വിമർശനം വന്നതിന് പിന്നാലെ പോപ് ഗായകൻ ദിമനോവയെയും 2023 ൽ മരിച്ച നിലയിൽ കണ്ടെത്തി.

യെവ്ഗെനി പ്രിഗോഷിനാണ് അലക്സി നവാൽനിക്ക് മുന്നെ കൊല്ലപ്പെടുന്ന പ്രമുഖൻ. റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് തലവനായിരുന്ന പ്രിഗോഷിൻ വാഹനാപകടത്തിലാണ് മരിക്കുന്നത്. വാഗന്ർ ഗ്രൂപ്പ് മോസ്​കോയിലേക്ക് പട നയിച്ചത് പുടിനെ ഞെട്ടിച്ചിരുന്നു. വിമർശകർക്ക് പിന്നിൽ മരണം പതുങ്ങിയിരിക്കുന്നുവെന്ന ഭീഷണിയാണ് ഓരോ മരണത്തിലൂടെയും പുടിൻ ഭരണകൂടം നൽകുന്നത്.

TAGS :

Next Story