Quantcast

എന്താണ് നാറ്റോ? അംഗരാജ്യങ്ങൾ ഏതൊക്കെ? റഷ്യയുടെ ഉറക്കം കെടുത്തുന്നതെന്ത്?

അംഗരാജ്യങ്ങളിൽ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം.

MediaOne Logo

Web Desk

  • Updated:

    2022-02-24 07:15:21.0

Published:

24 Feb 2022 6:05 AM GMT

എന്താണ് നാറ്റോ? അംഗരാജ്യങ്ങൾ ഏതൊക്കെ? റഷ്യയുടെ ഉറക്കം കെടുത്തുന്നതെന്ത്?
X

യുക്രൈനില്‍ റഷ്യ യുദ്ധമാരംഭിച്ചുകഴിഞ്ഞു. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടതോടെ കലുഷിതമാണ് സാഹചര്യം. തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ ശക്തമായ വ്യോമാക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയ്യാറാണെന്നുമാണ് പുടിന്‍റെ പ്രഖ്യാപനം. ലോകരാജ്യങ്ങള്‍ ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രൈന്‍ ആക്രമിച്ചാല്‍ എന്തു സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ യുദ്ധ ഭീതിക്ക് കാരണം നാറ്റോയുടെ അനാവശ്യ ഇടപെടലാണെന്നാണ് റഷ്യയുടെ ആരോപണം. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലെന്നാണ് റഷ്യയുടെ ശാഠ്യം. എന്താണ് റഷ്യ ഭയക്കുന്നത്? നിലവിലെ സാഹചര്യത്തില്‍ നാറ്റോയുടെ പങ്കെന്ത്?

എന്താണ് നാറ്റോ? ഏതൊക്കെയാണ് അംഗരാജ്യങ്ങള്‍?

നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ചുരുക്കമാണ് നാറ്റോ. 1949ൽ രൂപംകൊടുത്ത സൈനികസഖ്യത്തില്‍ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്‌, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങള്‍. അംഗരാജ്യങ്ങളിൽ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം.

രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാര്‍ഥ ലക്ഷ്യം. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ ഇന്ന് 30 അംഗങ്ങളുണ്ട്. 2020ല്‍ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതന്‍.

നാറ്റോ അംഗരാജ്യങ്ങള്‍;

യു.എസ്

യു.കെ

തുര്‍ക്കി

സ്പെയിന്‍

സ്ലൊവേനിയ

സ്ലൊവാക്യ

റൊമാനിയ

പോര്‍ച്ചുഗല്‍

പോളണ്ട്

നോര്‍വെ

നോര്‍ത്ത് മാസഡോണിയ

നെതര്‍ലാന്‍റ്സ്

മോണ്ടനെഗ്രോ

ലക്സംബര്‍ഗ്

ലിത്വാനിയ

ലാത്വിയ

ഇറ്റലി

ഐസ്‌ലാന്റ്‌

ഹംഗറി

ഗ്രീസ്

ജര്‍മനി

ഫ്രാന്‍സ്

എസ്റ്റോണിയ

ഡെന്‍മാര്‍ക്ക്

ചെക്ക് റിപ്പബ്ലിക്

ക്രൊയേഷ്യ

കാനഡ

ബള്‍ഗേറിയ

ബെല്‍ജിയം

അല്‍ബാനിയ


നാറ്റോ അംഗരാജ്യങ്ങളുടെ ഭൂപടം

യുക്രൈനെ വെച്ച് പുടിന്‍ വിലപേശുന്നതെന്തിന്?

നാറ്റോയുടെ 'തുറന്ന വാതില്‍' നയമാണ് റഷ്യയെ അലോസരപ്പെടുത്തുന്നത്. യുക്രൈനും ജോർജിയയും മറ്റ് അയൽരാജ്യങ്ങളും നാറ്റോയിൽ ചേരുമെന്നാണ് പുടിന്‍റെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ നാറ്റോയ്ക്കും പാശ്ചാത്യശക്തികൾക്കും റഷ്യയിലേക്ക് പ്രവേശിക്കാന്‍ എളുപ്പമാകും. റഷ്യയിലേക്ക് വേഗമെത്തുന്നതരത്തിൽ അംഗരാജ്യങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിക്കരുത്, യുക്രൈനുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം എന്നിങ്ങനെയാണ് റഷ്യയുടെ ആവശ്യം. ഇക്കാര്യത്തിൽ പുടിന് നിയമപരമായ ഉറപ്പും വേണം.

എന്നാല്‍, റഷ്യയ്ക്ക് ഉറപ്പുനൽകാൻ അമേരിക്ക തയ്യാറല്ല. സ്വതന്ത്രപരമാധികാരരാജ്യമായ യുക്രൈൻ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. യുക്രൈന് ആയുധവും പരിശീലനവും നൽകുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ലോകമേധാവിത്വം ഉറപ്പിക്കുകയെന്ന ലക്ഷ്യവും അമേരിക്കയ്ക്കുണ്ട്. കൂടാതെ, കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ വിപുലപ്പെടുത്തുക. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയെ ആശ്രയിക്കുന്നത് കുറക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.

നാറ്റോ വിപുലീകരണം മാത്രമാണോ റഷ്യയുടെ പ്രശ്നം?

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയന്‍റെ പതനത്തോടെ സ്വതന്ത്രമായ യുക്രൈനില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടായിരുന്നില്ല. യൂ​റോ​പ്യ​ൻ യൂ​നി​യ​നൊപ്പം നില്‍ക്കുന്ന പടിഞ്ഞാറും റ​ഷ്യ​യെ അ​നു​കൂ​ലി​ക്കുന്ന കിഴക്കന്‍ പ്രദേശവുമാണ് യുക്രൈന്‍റെ സംക്ഷിപ്തരൂപം. 2014 വ​രെ യു​ക്രൈന്‍ ഭരിച്ചത് പുടിന്‍ അനുകൂലിയായിരുന്ന വി​ക്ട​ർ യാ​നു​കോ​വായിരുന്നു. 2014ലെ കുലീന വിപ്ലവത്തിന് (റെവല്യൂഷന്‍ ഓഫ് ഡിഗ്നിറ്റി) ശേഷം അദ്ദേഹം സ്ഥാനഭ്രഷ്ടനാവുകയാണുണ്ടായത്. ഈ സ​മ​യ​ത്ത് റ​ഷ്യ ക്രൈമിയ പി​ടി​ച്ചടക്കിയത് പുതിയ രാഷ്ട്രീയചലനങ്ങള്‍ക്കാണ് വഴിവെച്ചത്.

എല്ലാംകൊണ്ടും അസ്വസ്ഥമായ യുക്രൈന് സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യാണ് അന്ന് അമേരിക്കയുടെ രംഗപ്രവേശം. ഉറച്ച ഭരണകൂടമോ, സൈനിക ശക്തിയോ ഇല്ലാതെ അനിശ്ചിതത്വത്തിലായിരുന്ന യുക്രൈന്‍ അത് സ്വീകരിച്ചു. ഇതുവരെ മൂ​ന്നു ബി​ല്യ​ൻ അമേരിക്കന്‍ ഡോ​ള​ര്‍ വാഷിങ്ടണ്‍ യുക്രൈന് സഹായമായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

യുക്രൈനെ വി​പ​ണ​ന സാ​ധ്യ​ത​യു​ള്ള ഒ​രു ക​മ്പോ​ള​മാ​ക്കി മാറ്റുകയെന്നതിനൊപ്പം തങ്ങള്‍ക്കനുകൂലമായ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​ക്കുകയെന്നതും അമേരിക്കയുടെ ലക്ഷ്യമായിരുന്നു. ഇതില്‍ അപകടം മണത്ത പുടിന്‍ കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ഡാ​ൻ​ബാ​സ് ആ​ക്ര​മി​ച്ചു. റ​ഷ്യ​ൻ അ​നു​കൂ​ലി​ക​ളാ​യ വി​ഘ​ട​ന​വാ​ദി​ക​ളും ഭ​ര​ണ​പ​ക്ഷ​വും ത​മ്മി​ലുണ്ടായ ഈ യുദ്ധത്തില്‍ 14000 പേര്‍ മരിച്ചു.

പിന്നീട് 2019ലാണ് വ്ലാ​ദി​​മി​ർ സെ​ല​ൻ​സ്കി യുക്രൈന്‍ പ്രസിഡന്‍റായിവരുന്നത്. പാ​ശ്ചാ​ത്യ അ​നു​കൂ​ലിയായ സെലന്‍സ്കി ഭരണത്തലവനായപ്പോള്‍ അ​മേ​രി​ക്ക​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പമായി. സെ​ല​ൻ​സ്കി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യുക്രൈന്‍ 2024ൽ ​യൂ​റോ​പ്യ​ൻ യൂ​ണിയനില്‍ അം​ഗ​മാ​വ​ണ​മെ​ന്ന ആ​വ​ശ്യവും അമേരിക്ക മു​ന്നോ​ട്ടു​വെ​ച്ചി​രുന്നു.

റഷ്യന്‍ അധിനിവേശം ചെറുത്ത് ലോകമേധാവിത്വം ഉറപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ സൂപ്പര്‍പവറായി ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെയാണ് റഷ്യയുടെ ലക്ഷ്യം. ഇനി ഈ യുദ്ധത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ അ​ന്താ​രാ​ഷ്ട്ര തലത്തില്‍ അ​മേ​രി​ക്കയുടെ ഖ്യാതി മങ്ങും. റ​ഷ്യയുടെ വിജയം പുതിയ രാഷ്ട്രീയ സമവാക്യങ്ങളാകും കുറിക്കുക.

TAGS :

Next Story