Quantcast

ട്രംപിന്റെ എഐ പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ; ആരാണ് ശ്രീറാം കൃഷ്ണൻ?

തമിഴ്‌നാട് സ്വദേശിയാണ് ശ്രീറാം

MediaOne Logo

Web Desk

  • Published:

    23 Dec 2024 5:47 AM GMT

ട്രംപിന്റെ എഐ പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ; ആരാണ് ശ്രീറാം കൃഷ്ണൻ?
X

വാഷിംഗ്‌ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജനെ നിയോഗിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയിലെ അഡ്വൈസറായാണ് ശ്രീറാം കൃഷണനെ ട്രംപ് നിയോഗിച്ചത്. രാജ്യത്തെ സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്തുന്നതിൽ ശ്രീറാം നിർണായക പങ്ക് വഹിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ശ്രീറാം എഐ, ക്രിപ്റ്റോ കറൻസി പോളിസി വകുപ്പിൽ പുതുതായി നിയമിതനായ ഡേവിഡ് ഒ. സാക്സുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രസിഡൻ്റിൻ്റെ കൗൺസിൽ ഓഫ് അഡ്വൈസേഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുക തുടങ്ങിയവയാണ് ശ്രീറാമിന്റെ ചുമതലകൾ. ശ്രീറാമിനെ നിയമനം അറിയിച്ച് ട്രംപ് എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ആരാണ് ശ്രീറാം കൃഷ്ണൻ?

തമിഴ്‌നാട് സ്വദേശിയാണ് ശ്രീറാം കൃഷ്ണൻ. കാഞ്ചീപുരം എസ്ആർഎം വള്ളിയമ്മൈ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് മൈക്രോസോഫ്റ്റിൽ കരിയർ ആരംഭിച്ചു. വിൻഡോസ് അസ്യൂറിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ശ്രീറാം. അസ്യൂറിൻ്റെ എപിഐകളുടെയും സേവനങ്ങളുടെയും ഭാഗമായാണ് ശ്രീറാം പ്രവർത്തിച്ചിരുന്നത്. 'പ്രോഗ്രാമിങ് വിൻഡോസ് അസ്യൂർ' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

2013 ൽ ശ്രീറാം ഫേസ്ബുക്കിന്റെ ഭാഗമായി. കമ്പനിയുടെ മൊബൈൽ ആപ്പ് പരസ്യ വിഭാഗത്തിൽ സുപ്രധാന പങ്ക് വഹിച്ചു. ശേഷം സ്നാപ്പിലും ശ്രീറാം ജോലി ചെയ്തിട്ടുണ്ട്. 2019 ൽ ശ്രീറാം എക്സിന്റെ ഭാഗമായി. പ്ലാറ്റ്‌ഫോമിന്റെ പുനഃക്രമീകരണത്തിൽ ഇലോൺ മസ്‌കുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. 2021-ൽ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ (a16z) പൊതു പങ്കാളിയായി. പിന്നീട് 2023-ൽ, ലണ്ടനിലെ സ്ഥാപനത്തിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര ഓഫീസിന് നേതൃത്വം നൽകി.

നിക്ഷേപകനും ഇന്ത്യൻ ഫിൻടെക് കമ്പനിയായ ക്രെഡിൻ്റെ ഉപദേശകനുമാണ് ശ്രീറാം. ഭാര്യ ആരതി രാമമൂർത്തിയ്‌ക്കൊപ്പം 'ആരതി ആൻഡ് ശ്രീറാം ഷോ' എന്ന പോഡ്‌കാസ്റ്റും ചെയ്യാറുണ്ട്. നിയമനത്തിൽ ട്രംപിന് നന്ദി അറിയിച്ച്കൊണ്ട് ശ്രീറാം എക്സ് പോസ്റ്റ് പങ്കുവച്ചു. എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുമെന്നും, രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്നും ശ്രീറാം പോസ്റ്റിൽ പറഞ്ഞു.

TAGS :

Next Story