'പെട്ടെന്ന് മനസ്സിലായില്ലല്ലോ ല്ലേ...': യുവതിയുടെ ചെവിയ്ക്കുള്ളിൽ കർണപടത്തിന് സമാനമായി വല കെട്ടി ചിലന്തി
ദിവസങ്ങളായി ചെവിയിൽ വേദനയും മൂളലും തുടരുന്നതിനാലാണ് ഹ്യൂഡോങ് കൗണ്ടി സ്വദേശിയായ യുവതി ആശുപത്രിയിലെത്തിയത്
ചെവിയിൽ മൂളലും മുഴക്കവുമൊക്കെ ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലാത്തവർ കുറവായിരിക്കും. പല കാരണങ്ങൾ കൊണ്ട് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവാമെങ്കിലും ചെവിയിൽ എന്തെങ്കിലും കുടുങ്ങിക്കിടക്കുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതൽ. പലപ്പോഴും ചെറിയ പ്രാണിയോ മറ്റോ ആണ് ഇത്തരം അവസരങ്ങളിൽ ഡോക്ടർമാർ രോഗിയുടെ ചെവിക്കുള്ളിൽ നിന്നെടുക്കുക. പാറ്റ പോലുള്ളവ ചെവിയിൽ കുടുങ്ങിയ അപൂർവങ്ങളിൽ അപൂർവം വാർത്തകളും നാം കേട്ടിട്ടുണ്ട്.
എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു അനുഭവമാണ് ചൈനയിൽ ഒരു യുവതിക്കുണ്ടായിരിക്കുന്നത്. ഇവിടെ യുവതിയുടെ ചെവിയിൽ ചിലന്തി വല കെട്ടി. കൗതുകം അതല്ല, പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാവണം കർണപടലത്തിനോട് വളരെയേറെ സാമ്യമുള്ള രീതിയിലായിരുന്നു വലയുടെ 'ഡിസൈൻ'.
ദിവസങ്ങളായി ചെവിയിൽ വേദനയും മൂളലും തുടരുന്നതിനാലാണ് ഹ്യൂഡോങ് കൗണ്ടി സ്വദേശിയായ യുവതി ആശുപത്രിയിലെത്തിയത്. ആദ്യ ഘട്ട പരിശോധനയിൽ അസാധാരണമായി ഒന്നും തന്നെ ഡോക്ടർമാർക്ക് കണ്ടെത്താനായില്ലെങ്കിലും എൻഡോസ്‌കോപി നടത്തിയതോടെ ചെവിയ്ക്കുള്ളിൽ എന്തോ കുടുങ്ങിക്കിടപ്പുണ്ടെന്ന് ഡോക്ടർമാർക്ക് മനസ്സിലായി. പിന്നീട് കൂടുതൽ പരിശോധിച്ചപ്പോഴാണ് ഇതൊരു ചിലന്തിവലയാണെന്നും ഒറ്റനോട്ടത്തിൽ കർണപുടം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇതിന്റെ നിർമാണമെന്നും ഡോക്ടർമാർക്ക് മനസ്സിലാവുന്നത്. പരിശോധിച്ചപ്പോഴൊക്കെ വല കർണപുടമാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടർമാർ ഇതിനെ തൊടാതെ വിടുകയും ചെയ്തുവത്രേ.
പിന്നീട് ഇതിനടിയിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കൂടുതൽ സൂഷ്മമായി നിരീക്ഷിക്കുന്നതും ചിലന്തിയെ കണ്ടെത്തുന്നതും. തന്റെ 'കള്ളി' പൊളിഞ്ഞതോടെ ചിലന്തി ഓടിമാറാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാർ കയ്യോടെ പിടികൂടി പുറത്തെത്തിച്ചു. ഒരു ഘട്ടത്തിൽ എൻഡോസ്‌കോപ്പി ട്യൂബ് കടിക്കാനും ശ്രമമുണ്ടായി. ചിലന്തി വിഷമില്ലാത്തതായതിനാൽ അപകടമുണ്ടായില്ലെന്നും യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലെ ഒട്ടോലാരിങ്കോളജി ഫിസിഷ്യൻ ഹാൻ ഷിങ്ക്‌ലോങ്ങിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16