ഗർഭിണിയാണെന്ന് അറിഞ്ഞില്ല; വിമാന യാത്രക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി-റിപ്പോര്‍ട്ട്
നെതർലാൻഡ്‍സിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായത്
ആംസ്റ്റർഡാം: യാത്രക്കിടെ വിമാനത്തിന്‍റെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി പറഞ്ഞതായി വിമാന അധികൃർ. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം റോയൽ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം.
ഇക്വഡോറിൽ നിന്ന് സ്‌പെയിനിലേക്ക് പോകുകയായിരുന്നു ടമാര എന്ന യുവതി. നെതർലാൻഡ്‍സിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായത്. ശുചിമുറിയിൽ പോയ യുവതി കുഞ്ഞിന് ജന്മം നൽകി. വിമാനയാത്രക്കാരും ജീവനക്കാരും ആദ്യം അമ്പരന്നു. എന്നാൽ യാത്രക്കാരുടെ കൂട്ടത്തിൽ ഓസ്ട്രിയയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും ഒരു നഴ്സുമുണ്ടായിരുന്നു. യുവതിക്ക് വേണ്ട അടിയന്തവൈദ്യസഹായം ഇവർ നൽകിയെന്ന് എയർലൈൻ വക്താവ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് കുഞ്ഞിനെയും യുവതിയെയും ആശുപത്രിയിലേക്ക് മാറ്റി. ഗർഭിണിയാണെന്ന് ടമാരയ്ക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തിൽ ഞെട്ടിപ്പോയെന്നും സ്പാർനെ ഗാസ്തുയിസ് ഹാർലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ് എൻഎൽ ടൈംസിനോട് പറഞ്ഞു. തന്നെ സഹായിച്ച യാത്രക്കാരിൽ ഒരാളുടെ പേരായ 'മാക്‌സിമിലിയാനോ' എന്നാണ് ടമാര കുഞ്ഞിന് നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് കെഎൽഎം എയർലൈൻസ് അറിയിച്ചു.
ഷിഫോളിൽ എത്തിയപ്പോൾ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ സ്പാർനെ ഗാസ്തൂയിസിലേക്ക് കൊണ്ടുപോയതായും വിമാന അധികൃതർ വ്യക്തമാക്കി. ടമാരയും മാക്‌സിമിലിയാനോയും ആരോഗ്യവാനായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇരുവർക്കും ശരിയായ പരിചരണം ലഭിച്ചുവെന്നും കഴിയുന്നതും വേഗം താമരയും മാക്‌സിമിലിയാനോയും മാഡ്രിഡിലേക്ക് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16