വിഖ്യാത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു
1963ല്‍ 'ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി' എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്.
ടിരാന: പ്രശസ്ത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അല്‍ബേനിയയിലെ ടിരാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
അന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടേയും അകമ്പടിയോടെ കദാരെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നോവലായിരുന്നു കദാരെയുടെ പ്രധാന രചനാ വിഭാഗം.
1963ല്‍ 'ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി' എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്. 'ദി സേജ്', 'ദി പാലസ് ഓഫ് ഡ്രീംസ്', 'ബ്രോക്കണ്‍ ഏപ്രില്‍' തുടങ്ങിയവയും കദാരെയുടെ തൂലികയിൽ പിറന്ന പ്രശസ്ത നോവലുകളാണ്. അദ്ദേഹത്തിന്റെ കൃതികള്‍ 40ലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ വര്‍ഷം അല്‍ബേനിയന്‍ തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ കദാരെയെ ഗ്രാന്‍ഡ് ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ പദവി നല്‍കി ആദരിച്ചിരുന്നു. 2005ല്‍ മാന്‍ ബുക്കര്‍ പ്രൈസും 2009ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയാസ് പ്രൈസ് ഫോര്‍ ദി ആര്‍ട്‌സും 2015ല്‍ ജെറുസലേം പ്രൈസും അദ്ദേഹത്തെ തേടിയെത്തി.
1936ല്‍ അല്‍ബേനിയയിലെ ജിറോകാസ്റ്ററില്‍ ജനിച്ച അദ്ദേഹം, 17ാം വയസില്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ടിരാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠന ശേഷം മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ മോസ്‌കോയിലെ ഗോര്‍ക്കി യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യത്തില്‍ ഉന്നതപഠനവും പൂർത്തിയാക്കി.
24ാം വയസില്‍ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. നഷ്ടപ്പെട്ടുപോയ അല്‍ബേനിയന്‍ ഗ്രന്ഥങ്ങള്‍ രണ്ടു വിദ്യാര്‍ഥികള്‍ വീണ്ടെടുക്കുന്നതായിരുന്നു പ്രമേയം. പക്ഷേ അത് അച്ചടിക്കാന്‍ അനുവാദം കിട്ടാതെ നിരുപാധികം നിരോധിക്കപ്പെടുകയാണുണ്ടായത്. 1990ൽ അല്‍ബേനിയന്‍ രഹസ്യപ്പൊലീസ് 100 അല്‍ബേനിയന്‍ ബുദ്ധിജീവികളെ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടതോടെ കദാരെ ഫ്രാന്‍സില്‍ അഭയം തേടി. പിന്നീട് പാരീസിലിരുന്നായിരുന്നു കദാരെയുടെ എഴുത്തുകളെല്ലാം.
അൽബേനിയൻ എഴുത്തുകാരിയായ ഹെലീന ഗുഷിയാണ് ഭാര്യ. രണ്ട് പെൺമക്കളിലൊരാളായ ബെസിയാന കദാരെ ഐക്യരാഷ്ട്രസഭയിലെ അൽബേനിയൻ അംബാസഡറും ക്യൂബയിലെ അൽബേനിയൻ അംബാസഡറുമാണ്. കൂടാതെ യു.എൻ ജനറൽ അസംബ്ലിയുടെ 75-ാമത് സെഷനിൽ വൈസ് പ്രസിഡൻ്റുമായിരുന്നു.
Adjust Story Font
16