അൽ മവാസി കൂട്ടക്കുരുതി: ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം
2000 പൗണ്ട് അമേരിക്കൻ നിർമിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്
ദുബൈ: ഗസ്സയിൽ അഭയാർഥികളായ ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന അൽമവാസി തമ്പുകളിൽ ബോംബുകൾ വർഷിച്ച ഇസ്രായേൽ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തം. സിവിലിയൻ കുരുതിയെ ഒരുനിലക്കും ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. 45 പേരുടെ മരണത്തിനും അറുപതിലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം അങ്ങേയറ്റം നടുക്കം സൃഷ്ടിക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പ്രതികരിച്ചു.
ഗസ്സയിൽ വെടിനിർത്തൽ നീളുന്നത് ആപൽക്കര സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അറബ് ലീഗ്, ഒ.ഐ.സി കൂട്ടായ്മകളും കൂട്ടക്കുരുതിയെ അപലപിച്ചു. ഇസ്രായേലിന്‍റെ കൊടും ക്രൂരതക്കെതിരെ അന്തർദേശീയ സമൂഹം ഇടപെടൽ നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അത്യുഗ്ര ശേഷിയുള്ള ബോംബുകളാണ് അൽമവാസി ക്യാമ്പിൽ തീതുപ്പിയത്. രണ്ടായിരം പൗണ്ട് അമേരിക്കൻ നിർമിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
30 അടി താഴ്ചയുള്ള മൂന്ന് കൂറ്റൻ ഗർത്തങ്ങൾ പ്രദേശത്ത് രൂപപ്പെട്ടു. പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന ഇസ്രായേൽ വിശദീകരണം ഹമാസ് തള്ളി. തെക്കൻ ഗസ്സയിലെ റഫയിൽ അൽമശ്റൂഇൽ നടന്നആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു.
അതിനിടെ, ഗസ്സയിൽ ആക്രമണം അന്തിമഘട്ടത്തിലാണെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന്‍റെ പ്രഖ്യാപനം തള്ളി മന്ത്രി ബെൻ ഗവിർ. ഹമാസിനെ ഉൻമൂലനം ചെയ്യും വരെ ഗസ്സയിൽ സൈനിക സമ്മർദം തുടരണമെന്നും സഹായം വിലക്കണമെന്നും ബെൻഗവിർ ആവശ്യപ്പെട്ടു.
ആക്രമണം നടത്തുന്നവർക്ക് ഗസ്സയിൽ വെടിനിർത്തലിന് താൽപര്യമില്ലെന്ന് യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു. ദക്ഷിണ ലബനാനിൽ ഹിസ്ബുല്ലക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കി. റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈമാറുന്നുവെന്ന കുറ്റം ചുമത്തി ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി. എന്നാൽ ആരോപണം ഇറാൻ തള്ളിയിട്ടുണ്ട്.
Adjust Story Font
16