Quantcast

'വഞ്ചകരിൽനിന്നും കീടങ്ങളിൽനിന്നും റഷ്യയെ ശുദ്ധീകരിക്കും'- യുദ്ധവിരുദ്ധർക്ക് മുന്നറിയിപ്പുമായി പുടിൻ

കഴിഞ്ഞ ദിവസം റഷ്യൻ ചാനലിൽ ഒരു മാധ്യമപ്രവർത്തക തത്സമയ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തെത്തിയത് ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-17 14:37:09.0

Published:

17 March 2022 2:33 PM GMT

വഞ്ചകരിൽനിന്നും കീടങ്ങളിൽനിന്നും റഷ്യയെ ശുദ്ധീകരിക്കും- യുദ്ധവിരുദ്ധർക്ക് മുന്നറിയിപ്പുമായി പുടിൻ
X

യുക്രൈൻ സൈനിക നടപടിക്കെതിരെ പ്രതിഷേധമുയർത്തുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. റഷ്യയിൽ ഇരുന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വേണ്ടി പണിയെടുക്കുന്ന വഞ്ചകരെയും കീടങ്ങളെയും ഇല്ലാതാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രത്യേക പ്രസംഗത്തിലായിരുന്നു റഷ്യയിലെ യുദ്ധവിരുദ്ധ പോരാളികൾക്കെതിരെ പുടിന്റെ ഭീഷണി.

ദേശസ്‌നേഹികളിൽനിന്ന് വഞ്ചകരെയും കീടങ്ങളെയും തിരിച്ചറിയാനും അബദ്ധത്തിൽ വായിൽപെട്ടുപോയ ഈച്ചയെ തുപ്പിക്കളയാനും ആർക്കും, പ്രത്യേകിച്ച് ഏത് റഷ്യക്കാരനും കഴിയും. സ്വാഭാവികവും അത്യാവശ്യവുമായ ഈ സമൂഹത്തിന്റെ ആത്മശുദ്ധീകരണത്തിലൂടെ മാത്രമേ നമ്മുടെ രാജ്യത്തെയും സാഹോദര്യത്തെയും അഖണ്ഡതയെയും ശക്തിപ്പെടുത്താനും ഏതു വെല്ലുവിളിയും നേരിടാൻ നമ്മെ പ്രാപ്തമാക്കാനുമാകൂവെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്-പ്രസംഗത്തിൽ പുടിൻ വ്യക്തമാക്കി.

അഞ്ചാംപത്തികളായ റഷ്യൻ വഞ്ചകരെ ഉപയോഗിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് പടിഞ്ഞാറൻ രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും പുടിൻ ആരോപിച്ചു. അവർക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ; റഷ്യയെ തകർക്കൽ. അക്കാര്യം താൻ മുൻപുതന്നെ വ്യക്തമാക്കിയതാണെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

റഷ്യൻ നഗരങ്ങളിൽ നടന്ന യുദ്ധവിരുദ്ധ പ്രകടനങ്ങളെ പൊലീസ് വ്യാപകമായി അടിച്ചമർത്തിയിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിനു പൗരന്മാരെ ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വലിയ തോതിൽ യുക്രൈൻ അധിനിവേശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

കഴിഞ്ഞ ദിവസം റഷ്യൻ വാർത്താചാനലിൽ ഒരു മാധ്യമപ്രവർത്തക തത്സമയ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തെത്തിയത് ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാധ്യമങ്ങൾ നിങ്ങളോട് കള്ളം പറയുകയാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിയായിരുന്നു 'ചാനൽ 1' എന്ന റഷ്യൻ ചാനലിൽ ന്യൂസ് എഡിറ്ററായ മരീന ഒവ്‌സൈനിക്കോവ പ്രതിഷേധിച്ചത്. സംഭവത്തിനു പിന്നാലെ ഇവരെ മോസ്‌കോ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ചിരുന്നു.

Summary: Vladimir Putin warned he would cleanse Russia of the "scum and traitors" he accuses of working covertly for the U.S and its allies

TAGS :

Next Story