കടം ചോദിച്ച് പാക് പ്രധാനമന്ത്രി ചൈനയിൽ; സഹായിക്കുന്നത് തുടരുമെന്ന് ഷി ജിൻപിങ്
ഒക്‌ടോബറിൽ ഷി മൂന്നാമതും അധികാരം ഉറപ്പിച്ച ശേഷം ചൈനയിലെത്തുന്ന ആദ്യ നേതാവാണ് ഷഹബാസ് ഷരീഫ്
ബീജിംഗ്: സാമ്പത്തിക നില ഭദ്രമാക്കുന്നതിലടക്കം പാകിസ്താന് നൽകുന്ന സഹായം ചൈന തുടരുമെന്ന് പ്രസിഡൻറ് ഷി ജിൻപിങ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ചൈനയിൽ സന്ദർശനം നടത്തവേയാണ് ജിൻപിങിന്റെ പ്രസ്താവന. ചൈനീസ് ഗവൺമെൻറിന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ പാകിസ്താനിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. 30 ബില്യണിലേറെ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഈ സാഹചര്യത്തിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ചൈനയിൽ 23 ബില്യൺ ഡോളർ കടം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പാകിസ്താൻ. ഈ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡൻറിന്റെ അനുകൂല സമീപനം. ഇരുരാജ്യങ്ങളിലുമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും അതിർത്തി കടന്ന് ഇടപാടുകൾ നടത്താൻ വഴിയൊരുക്കുന്ന കരാറിൽ ഈയടുത്ത് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന(പിബിഒസി)യും സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനും ഒപ്പുവെച്ചിരുന്നു. ഇക്കാര്യം പിബിഒസി ബുധനാഴ്ച വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, പാകിസ്താനും ചൈനക്കും ഇടയിലുള്ള എകണോമിക് കോറിഡോർ പദ്ധതിയും ഗ്വാഡർ തുറമുഖ നിർമാണവും സജീവമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഷഹബാസ് ഷരീഫുമായി നടത്തിയ ചർച്ചയിൽ ജിൻപിങ് വ്യക്തമാക്കി. ഖനന-അടിസ്ഥാന സൗകര്യ വികസന രംഗങ്ങളിലായി പാകിസ്താനിൽ ചൈന വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്വാഡർ തുറമുഖ നിർമാണമടക്കം 65 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ചൈന-പാകിസ്താൻ എകണോമിക് കോറിഡോർ (സി.പി.ഇ.സി).
മെയ്ൻലൈൻ വണും കറാച്ചി സർകുലർ റെയിൽവേ പ്രൊജക്ടും നടപ്പാക്കാൻ ഒന്നിച്ചുപ്രവർത്തിക്കുമെന്ന് ഷി ജിൻപിംഗ് അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലുള്ള ഹൈസ്പീഡ് ട്രെയിൻ സാങ്കേതിക വിദ്യ ചൈന പാകിസ്താന് കൈമാറുമെന്ന് സിസിടിവി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ദീർഘകാലമായി ചൈനയുടെ സൗഹൃദ് രാജ്യമായ പാകിസ്താനിലെ പദ്ധതികൾ ഷി ജിൻപിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷേറ്റീവിന്റെ (ബി.ആർ.ഐ), ഭാഗമാണ്. ഇതര രാജ്യങ്ങളിലേക്കും ചൈയുടെ റോഡ്- റെയിൽ-സമുദ്ര വഴികൾ വികസിപ്പിക്കുന്നതാണ് പദ്ധതി. ഡിജിറ്റൽ എകണോമി, ഇ കൊമേഴ്‌സ്, ഫോട്ടോവോൾട്ടിക് ടെക്‌നോളജി, പുതു ഊർജ രംഗങ്ങളിൽ എന്നിവയിൽ ചൈന സഹകരണം ശക്തമാക്കുമെന്നും ഷി ജിൻപിംഗ് പറഞ്ഞു.
ഒക്‌ടോബറിൽ ഷി മൂന്നാമതും അധികാരം ഉറപ്പിച്ച ശേഷം ചൈനയിലെത്തുന്ന ആദ്യ നേതാവാണ് ഷഹബാസ് ഷരീഫ്.
President Xi Jinping has said that China will continue to provide assistance to Pakistan including securing its economic status
Adjust Story Font
16